പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഷാഫിയുടെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിനോ? മറുപടി ഇങ്ങനെ
പാലക്കാട്: അടുത്താഴ്ചയോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായേക്കും. ഇതിനോടകം തന്നെ മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു സിറ്റിംഗ് സീറ്റിൽ യുവ നേതാവിനെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് കോൺഗ്രസ് പരിശോധിക്കുന്നത്. നിലവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരിനാണ് മുൻതൂക്കം.
ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ രാഹുലിന്റെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻ പാലക്കാട് എം എൽ എയായ ഷാഫി പറമ്പിലിനും രാഹുലിനെ മത്സരിപ്പിക്കുന്നതിനോട് താത്പര്യം ഉണ്ടെന്നായിരുന്നു വാർത്തകൾ. ഷാഫിയുമായി വളരെ അധികം സൗഹൃദം പുലർത്തുന്ന നേതാവാണ് രാഹുൽ. മാത്രമല്ല വടകരയിലും പാലക്കാടുമെല്ലാം ഷാഫിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രാഹുൽ
സ്ഥിരം സാന്നിധ്യവുമായിരുന്നു. ഷാഫിയോട് പാർട്ടി അഭിപ്രായം തേടിയാൽ അദ്ദേഹം മാങ്കൂട്ടത്തിലിനെ നിർദ്ദേശിച്ചേക്കും എന്ന വാർത്തകളും നേരത്തേ ഉണ്ടായിരുന്നു.

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് പ്രത്യേക നോമിനികൾ ഇല്ലെന്ന് പറയുകയാണ് ഷാഫി പറമ്പിൽ. പാർട്ടി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ താൻ പിന്തുണയ്ക്കുമെന്നും ഷാഫി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള മുറിവുണക്കുന്നതിനുള്ള കാത്തിരിപ്പിലാണ് വോട്ടർമാരെന്നും ഷാഫി പ്രതികരിച്ചു. അതേസമയം രാഹുൽ അല്ലെങ്കിൽ കെ മുരളീധരൻ തൃശൂരിൽ മത്സരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ പാലക്കാട് മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചനയാണ് മുരളീധരൻ നൽകിയത്. എന്നാൽ മുരളീധരനെക്കാൾ വിജയസാധ്യത രാഹുൽ മാങ്കൂട്ടത്തിലിനാണെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ട്. അതേസമയം പുറത്ത് നിന്നുള്ളവർ വേണ്ടെന്നും ജില്ലയ്ക്ക് അകത്ത് നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ പി സരിന് നറുക്ക് വീണേക്കം. പാലക്കാട് ഇത്തവണ കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വലിയ മുന്നേറ്റം നേടാൻ വികെ ശ്രീകണ്ഠന് സാധിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തേക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അതിനിടെ മണ്ഡലം പിടിക്കാനുള്ള തീവ്രശ്രമങ്ങളുമായി ഇക്കുറി ബിജെപിയും പ്രവർത്തനങ്ങൾ സജീവമാക്കി കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ ആഞ്ഞ് പിടിച്ചാൽ മണ്ഡലം കൂടെ പോരുമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിൽ ശോഭാ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവരുടെ പേരുകൾക്കാണ് ബിജെപിയിൽ മുൻതൂക്കം.












Click it and Unblock the Notifications