'നഗരസഭയിൽ 12,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും,കണ്ണാടിൽ ഒന്നാം സ്ഥാനം നേടും'; സി കൃഷ്ണകുമാർ'
പാലക്കാട് : ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. നഗരസഭയിൽ പോളിംഗ് കുറഞ്ഞെങ്കിലും ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളിലെല്ലാം പോളിംഗ് ഉയർന്നിട്ടുണ്ട്. കണ്ണാടി ,പിരിയാരി, മാത്തൂർ പഞ്ചായത്തുകളിലും ബി ജെ പിക്ക് അനുകൂലമാണ് സാഹചര്യം. നഗരസഭയിൽ 12,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും. കണ്ണാടിയിലും മാത്തൂരിലും സി പി എമ്മിനൊപ്പമോ അല്ലെങ്കിൽ അവർക്ക് മുകളിലോ എത്താൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
'ലോക്സഭ തിരഞ്ഞെടുപ്പിന്റേയും നിയമസഭ തിരഞ്ഞെടുപ്പിന്റേയും വോട്ടിംഗ് പാറ്റേൺ ഒന്നല്ല. അർബൻ മേഖലയിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥി, അല്ലെങ്കിൽ അടുത്തറിയുന്ന സ്ഥാനാർത്ഥി തുടങ്ങിയ ഘടകങ്ങൾക്ക് പ്രാധാന്യം ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി പാലക്കാട് ജയിക്കാൻ സാധ്യത ഇല്ലെന്ന് കണ്ട് യുഡിഎഫിന് വോട്ട് ചെയ്ത നിഷ്പക്ഷരായിട്ടുള്ള ആളുകൾ ഉണ്ടാകും.
എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ആളുകൾ ബി ജെ പിക്ക് കൃത്യമായി വോട്ട് ചെയ്തിട്ടുണ്ടാകും. 20 വർഷമായി മണ്ഡലത്തിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. നഗരസഭ വൈസ് ചെയർപേഴ്സണായിരുന്നു. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുണ്ട്. നഗരസഭയിൽ 8000 മുതൽ 10,000 വരെ വോട്ടിന് നഗരസഭ പരിധിയിൽ ലീഡ് ചെയ്യാനാകും.

ന്യൂനപക്ഷ വോട്ടുകളടക്കം ബി ജെ പിക്ക് ലഭിക്കും. കണ്ണാടിയിലും മാത്തൂരിലും പോളിംഗ് കൂടിയത് ബി ജെ പി നടത്തിയ പ്രവർത്തനം കൊണ്ടാണ്. നാളെ വോട്ടെണ്ണി കഴിയുമ്പോൾ മനസിലാകും ഈ രണ്ട് പഞ്ചായത്തുകളിലും സി പി എമ്മിനൊപ്പം അല്ലെങ്കിലും സി പി എമ്മിന് മുകളിൽ ഞങ്ങൾ ഉണ്ടാകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണാടി പഞ്ചായത്തിൽ 1600 വോട്ട് മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. നഗരസഭയിൽ ബി ജെ പിയ്ക്ക് ശക്തമായ സാന്നിധ്യമുള്ള ബൂത്തുകളില്ലെല്ലാം കനത്ത പോളിംഗ് ആണ് നടന്നിട്ടുള്ളത്. അതാണ് ഞങ്ങളുടെ ആത്മവിശ്വാസം', കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് 12000 വോട്ടുകൾക്ക് വരെ ജയിക്കാമെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിനും പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് 12000-15000ത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.












Click it and Unblock the Notifications