ചേലക്കരയിൽ യു പ്രദീപിനെ വീണ്ടും ഇറക്കാൻ സിപിഎം; പാലക്കാട് സ്വതന്ത്രൻ?
പാലക്കാട്: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി സി പി എം. അടുത്തയാഴ്ചയോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അതിന് മുൻപ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രറിയേറ്റിൽ കൈക്കൊള്ളും എന്നാണ് റിപ്പോർട്ട്.
മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ചേലക്കരയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചേലക്കര സി പി എമ്മിന്റെ സിറ്റിങ് മണ്ഡലമാണ് എന്നത് കൊണ്ട് തന്നെ പാർട്ടിക്ക് ഇവിടെ അഭിമാനപോരാട്ടമാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര പൊതുവെ ഇടതിനോട് കൂറ് പുലർത്തുന്ന മണ്ഡലമാണ്. ഇവിടെയുള്ള ഒൻപത് പഞ്ചായത്തുകളിൽ ആറിടത്തും എൽ ഡി എഫ് ആണ് ഭരണത്തിൽ.

1991 മുതൽ തുടർച്ചയായി കെ രാധാകഷ്ണനാണ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. 2016 ൽ രാധാകൃഷ്ണന് പകരം യു പ്രദീപ് മത്സരിച്ചു. അന്നും സി പി എമ്മിന് വേണ്ടി യു പ്രദീപ് മണ്ഡലം നിലനിർത്തി. കെ രാധാകൃഷ്ണന് പകരക്കാരനായി യു പ്രദീപിനെ തന്നെ ഇറക്കാനാണ് സി പി എമ്മിലെ ആലോചന.
അതേസമയം മറ്റൊരു മണ്ഡലമായ പാലക്കാട് സിപിഎമ്മിന് വലിയ സ്വാധീനമില്ല. എന്നാൽ ബി ജെപി വിജയിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം സി പി എമ്മിന് ഉണ്ട്. ഈ സാഹചര്യത്തിൽ സ്വതന്ത്രനെ പരീക്ഷിക്കുമോ അതോ ശക്തരായ സ്ഥാനാർത്ഥിയെ തന്നെ പരിഗണിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ കോൺഗ്രസും ബി ജെ പിയും ഇവിടെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്ന് കഴിഞ്ഞു.
ശോഭ സുരേന്ദ്രനാണ് ബി ജെ പിയിൽ മുൻതൂക്കം. സ്ഥാനാർത്ഥിയെ കണ്ടെത്താനായി ബി ജെ പി പ്രത്യേക സർവ്വെ നടത്തിയിരുന്നു. ഇതിൽ ശോഭയ്ക്കാണ് പിന്തുണ കൂടുതൽ ലഭിച്ചത്. മത്സരിച്ചിടങ്ങളിലെല്ലാം വൻ മുന്നേറ്റം ഉണ്ടാക്കുന്ന ശോഭയ്ക്ക് പാലക്കാട് പിടിക്കാൻ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരാർത്ഥിയാകണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും. കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.
പാലക്കാട് മുൻ എംഎൽഎയായ ഷാഫി പറമ്പിലിനും രാഹുൽ മത്സരിക്കുന്നതിനോട് താത്പര്യമുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഇറങ്ങുന്നത് യുവാക്കളുടെ വലിയ പിന്തുണ നേടാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസ് മത്സരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കെ രാധാകൃഷ്ണന്റെ വാർഡിൽ അടക്കം അദ്ദേഹത്തെക്കാൾ വോട്ട് നേടാൻ രമ്യക്ക് സാധിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല.












Click it and Unblock the Notifications