പാലക്കാട്ടെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; ബെംഗളൂരുവിലേക്ക് കടന്ന മകന്‍ പിടിയില്‍
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം സ്ഥലം വിട്ട മകന്‍ പൊലീസ് പിടിയില്‍. റെയില്‍വേ കോളനിക്കടുത്ത് താമസിച്ചിരുന്ന പ്രതീക്ഷാനഗര്‍ 'മയൂര'ത്തില്‍ സനലിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. റിട്ടയര്‍ റെയില്‍വേ ജീവനക്കാരനായിരുന്ന ഓട്ടൂര്‍കാടില്‍ ചന്ദ്രന്‍ (68), ഭാര്യ ദൈവാന (ദേവി-54) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇവരോടൊപ്പമായിരുന്നു സനലും താമസിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട ശേഷം സനല്‍ സ്ഥലം വിട്ടിരുന്നു. സനലിനെ ഫോണില്‍ ബന്ധപ്പെട്ട ഇളയ സഹോദരന്‍ സുനില്‍ വിളിച്ച് വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിന് മുന്നിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൂന്നുമക്കളുള്ള ചന്ദ്രനും ദേവിയും മൂത്തമകന്‍ സനലിനൊപ്പം മയൂരം എന്ന വീട്ടിലാമണ് താമസിച്ചിരുന്നത്. മകള്‍ സൗമിനി ഭര്‍ത്താവ് വിഘ്നേഷിനൊപ്പവും ഇളയമകന്‍ സുനില്‍ ജോലി സംബന്ധമായും കൊച്ചിയിലാണ് താമസം. സൗമിനി തിങ്കളാഴ്ച മാതാപിതാക്കളെ ഫോണില്‍ വിൡച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
ഇതോടെ സൗമിനി അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികള്‍ തിങ്കളാഴ്ച വീട്ടിലെത്തി നോക്കിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. രാവിലെയായിട്ടും ഗേറ്റിലേയും വീടിന് പുറത്തേയും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതാണ് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ ആദ്യം കണ്ടത്. മുന്‍വശത്തെ വാതിലും ജനലുകളും പൂട്ടിയ നിലയിലായിരുന്നു.
അടുക്കള വശത്തെ അടച്ചിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. തുറന്ന് അകത്തുകയറിയപ്പോളാണ് നടുവിലെ ഹാളിലായി ദേവി ചോരയില്‍കുളിച്ചു കിടക്കുന്നത് അയല്‍ക്കാര്‍ കണ്ടത്. ദേവിയുടെ മൃതദേഹത്തിനു മുകളിലായി ഒരു ബെഡ്ഷീറ്റും പുതപ്പിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ ചന്ദ്രനും വെട്ടേറ്റ് കിടക്കുന്നുണ്ടായിരുന്നു.
ഇതോടെ അയല്‍ക്കാര്‍ ഉടന്‍ തന്നെ വാര്‍ഡ് മെമ്പറേയും പൊലീസിനേയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനലിനെ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. മുംബൈയിലെ ജ്വല്ലറിയില്‍ സെയില്‍സ് മാനായി ജോലിചെയ്തിരുന്ന സനല്‍ ആറുമാസത്തിലധികമായി നാട്ടിലാണ്.
ഞായറാഴ്ച രാത്രിയായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ദിവസം രാത്രി ഒമ്പതുമണിവരെ മാതാപിതാക്കളോടൊപ്പം സനല്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സനല്‍ ബെംഗളൂരുവില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് സിറിഞ്ചിന്റെ അവശിഷ്ടങ്ങളും കത്തികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും തലയിലും ഉള്‍പ്പെടെ ആഴത്തില്‍ വെട്ടുകൊണ്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ഡി വൈ എസ് പി കെ എം ദേവസ്യ, ഇന്‍സ്‌പെക്ടര്‍മാരായ ബി കെ സുനില്‍കൃഷ്ണന്‍, എ ദീപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications