ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാനം തകർക്കുന്നു; പോലീസിനും സർക്കാരിനും എതിരെ ഷാഫി പറമ്പിൽ
പാലക്കാട്; പാലക്കാട് കൊലപാതകങ്ങളിൽ പോലീസിനും സർക്കാരിനും രൂക്ഷവിമർശനവുമായി എംഎൽഎ ഷാഫി പറമ്പിൽ. ആർഎസ്എസും -എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്.വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണ്. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും ഷാഫി വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണാരൂപം- 'നാടിന്റെ ശാപമായ ആർ എസ് എസും -എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്.വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി.
ഇവരുടെ സംഘടനാ രൂപം വെച്ച് നമ്മുക്കറിയാം അറിവോടെയാണ് ഈ കൊലപാതകങ്ങൾ നടക്കുന്നത്.ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല.പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും' ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സർക്കാരിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും മുൻ എം എൽ എ കെ എസ് ശബരീനാഥനും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതികരണങ്ങൾ വായിക്കാം
രാഹുൽ മാങ്കൂട്ടത്തിൽ- 'വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല,ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്,
ഒരു പണിക്കും പോകരുത്..വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും.
RSSകാരൻ SDPIക്കാരനെ കൊന്നപ്പോൾ,
ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ RSSകാരൻ കൊല്ലപ്പെട്ടിരുക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു.
എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്'.
കെ എസ് ശബരീനാഥൻ- 'ചോരപ്പുഴയായി കേരളസംസ്ഥാനം മാറുകയാണ്. ഇതൊന്നും നിയന്ത്രിക്കാൻ കഴിയാതെ കേരളത്തിന്റെ മുഖ്യമന്ത്രിയും കൂട്ടരും ഒന്നാം വാർഷിക ആഘോഷത്തിൽ മുഴങ്ങിയിരിക്കുകയാണ്.
ഒരു വർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് കൂടി ചേർക്കുമല്ലോ!'.
ഇന്ന് ഉച്ചയോടെയായിരുന്നു ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിത്. ശ്രീനിവാസൻ ആർ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു. മേലാമുറിയിലുള്ള ഇയാളുടെ കടയിൽ കയറി മൂന്ന് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമായിരുന്നു അക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊല നടന്നത് 24 മണിക്കൂർ കഴിയും മുൻപാണ് ജില്ലയിൽ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. അതേസമയം കൊലയ്ക്ക് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് ബി ജെ പി ആരോപിച്ചു. മേഖലയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.












Click it and Unblock the Notifications