ഉദ്ഘാടന ദിനത്തിൽ വന്ദേഭാരത് തീവണ്ടിയിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റര്‍; കീറികളഞ്ഞ് റെയിൽവേ പോലീസ്
പാലക്കാട്: വന്ദേഭാരത് ട്രെയിനിന് മുകളിൽ എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിനു നൽകിയ സ്വീകരണത്തിനിടെയാണ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ സ്റ്റിക്കൽ ഒട്ടിച്ചത്.ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളയുകയായിരുന്നു.
നേരത്ത വന്ദേഭാരത് ട്രെയിനിന് ഷൊർണൂരിൽ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വികെ ശ്രീകണ്ഠൻ എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. സ്റ്റോപ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നായിരുന്നു എംപിയുടെ മുന്നറിയിപ്പ്. പിന്നീട് ഷെഡ്യൂൾ അവതരിപ്പിച്ചപ്പോൾ ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ് അനുവദിച്ചു.

ഇന്ന് ഉദ്ഘാടന ഓട്ടത്തിനിനിടെ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ എംപിക്ക് അഭിനന്ദനം അർപ്പിച്ചുള്ള പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകർ പതിപ്പിക്കുകയായിരുന്നു. അതേസമയം നടപടിക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തി. 'ഇത്തരം നടപടികൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. ചെയ്തവർക്ക് എതിരെയും ചെയ്യിപ്പിച്ച നേതാവിനെതിരെയും പൊതു മുതൽ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഇത്രയും മലിനമായ മനസ്സുമായി എങ്ങനെ ഒരു എം. പി യ്ക്കും അനുയായികൾക്കും പെരുമാറാനാവുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. മോദിയെ തോൽപ്പിക്കാൻ ഇന്ത്യയെ വെറുക്കുന്ന രാജകുമാരനു പറ്റിയ അനുയായികൾ തന്നെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്നും വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. ബിജെപി ബോധപൂർവം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ബിജെപിക്കാർ തെറ്റായ പ്രചരണം നടത്തുകയാണ്. ട്രെയിനിൽ എല്ലാ കോച്ചിലും എന്റെ ഫോട്ടോ പതിച്ചുവെന്നാണ് ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്. നൂറ് ശതമാനം അസത്യമായ കാര്യമായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാനും ഉണ്ടായിരുന്നു. പൊലീസും ഇന്റലിജന്‍സും ആര്‍പിഎഫും ഉള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അവരെ മറികടന്ന് പോസ്റ്റര്‍ ഒട്ടിച്ചുവെന്നത് തെറ്റായ പ്രചാരണം മാത്രമാണ്.
ട്രെയിൻ വന്ന് നിന്നപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴ വെള്ളത്തിൽ എന്റെ പേരിലുള്ള ഫോട്ടോ ആരോ പതിപ്പിച്ചതാണ്. പോസ്റ്റർ പതിപ്പിക്കണമെന്ന ഒരു ലക്ഷ്യം ഞങ്ങൾക്കില്ലായിരുന്നു. അഭിവാദ്യം അർപ്പിച്ച് മടങ്ങാനായിരുന്നു ഉദ്ദേശം. എന്റെ അറിവോ സമ്മതോ ഇക്കാര്യത്തിൽ ഇല്ല. എന്റെ കൈയ്യിൽ ഒരു വീഡിയോ ഉണ്ട് അതിൽ ട്രെയിനിന് മുകളിൽ ഒരു പോസ്റ്ററുമില്ല. മനപ്പൂർവ്വം ആ സമയം പോസ്റ്റർ പതിപ്പിച്ച് വിവാദത്തിന് ശ്രമിക്കുകയായിരുന്നു.ഞാനൊരു പൊതുപ്രവർത്തകനാണ്. ഒരിക്കലും പൊതുമുതൽ താൻ നശിപ്പിക്കാൻ കൂട്ട് നിൽക്കില്ല', എംപി പറഞ്ഞു.












Click it and Unblock the Notifications