റോബിൻ ബസിന് തമിഴ്നാട്ടിലും എട്ടിന്റെ പണി; പിഴ അടച്ചത് 70,410 രൂപ
പാലക്കാട്: ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിൽ സർവ്വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ ഈടാക്കി. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ബസിനെതിരെ പിഴ ചുമത്തിയത്. ടൂറിസ്റ്റ് ബസ് സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയാണ് പിഴയിട്ടത്.
ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയും അടക്കമാണ് പിഴ ചുമത്തിയത്. മുഴുവന്‍ പിഴത്തുകയും അടച്ചതായി റോബിൻ ബസ് ഉടമ അറിയിച്ചു. അതേസമയം പിഴ തുക അടച്ചതിനാൽ നവംബർ 24 വരെ ബസിന് തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ സാധിക്കും. നേരത്തെ കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം ബസിന് പിഴയിട്ടിരുന്നു.

ആഗസ്റ്റ് 30 നായിരുന്നു റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് ആരംഭിച്ചത്. എന്നാൽ ഫിറ്റ്നെസ് പരിശോധനയിൽ പരാജയപ്പെട്ടതോടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. 45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നെസ് ടെസ്റ്റ് പാസായെങ്കിലും പിന്നീട് വീണ്ടും ബസ് വകുപ്പ് പിടികൂടി. തുടർന്ന് ബസ് ഉടമ കോടതിയെ സമീപിച്ചു. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവോടെ ബസ് വീണ്ടും യാത്ര ആരംഭിച്ചു. എന്നാൽ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ സംസ്ഥാനത്ത് നിയമം ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ റോബിൻ ബസിനെ പൂട്ടാൻ സമാന്തര സർവ്വീസ് കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ലോഫ്ലോർ വോൾവോ ഏസി സർവ്വീസ് ആണ് ആരംഭിച്ചിരിക്കുന്നത്. 'പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കു വേണ്ടിയും പത്തനംതിട്ട - എരുമേലി -കോയമ്പത്തൂർ ലോഫ്ലോർ വോൾവോ ഏസി സർവ്വീസ് നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് സർവ്വീസ് പുറപ്പെടും. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ ,അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ് നടത്തുക', എന്നാണ് കെ എസ് ആർ ടി സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്












Click it and Unblock the Notifications