സഞ്ജിത്തിന്റെ ഭാര്യയുടെ ജീവന് ഭീഷണി: പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് കുമ്മനം രാജശേഖരന്‍
പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ പോലും പിടികൂടാനാവാതെ പൊലീസ്. കൊലപാതകം കഴിഞ്ഞിട്ട് മൂന്ന് ദിവസം കഴിയുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. എസ് ഡി പി ഐ ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന ലഭിച്ചെങ്കിലും ഒരു പ്രതിയിലേക്കും കൃത്യമായി എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. കൂടുതല്‍ എസ് ഡി പി ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ നേരത്തെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ദേശീയപാതക്ക് അരികിലാണ് വടിവാളുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രക്തക്കറുയം മുടിനാരിഴകളുമുണ്ട്. വാളുകല്‍ കൊലപാതകത്തിന് ഉപയോഗിച്ചത് തന്നെയാണോയെന്ന് കണ്ടെത്താന്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പൊളിച്ചുവിൽക്കാൻ കൈമാറിയ വാഹനത്തിന്റേതെന്നു സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലയ്ക്കു പിന്നിൽ തികഞ്ഞ ആസൂത്രണമുള്ളതായാണ് ഇതോടെ പൊലീസ് അനുമാനിക്കുന്നത്.
ബൈക്കില്‍ സഞ്ചരിക്കവെ ഭാര്യയുടെ മുന്നിലിട്ടായിരുന്നു സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാല്‍ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ഷികയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തി.

പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ പോലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങൾ പലത് പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മൂന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആർക്കും കാണാവുന്ന റോഡിലൂടെ കാറിൽ രക്ഷപെട്ടവരാണ് പ്രതികൾ. എന്നിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ല.
കൊലയ്ക്കിരയായ സഞ്ജിത്തിനെ വധിക്കാൻ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പോലീസിനുണ്ടായിരുന്നു. പ്രതികളെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും അറിഞ്ഞ് ശക്തമായ നടപടി എടുക്കേണ്ടവർ നിഷ്ക്രിയത്വവും നിശബ്ദതയും പാലിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. ഭാര്യയുടെ കണ്മുന്നിലിട്ട് സഞ്ജിത്തിനെ പൈശാചികമായി കൊലചെയ്തവർക്കെതിരെ നാക്കോ തൂലികയോ ചലിപ്പിക്കാൻ തയ്യാറാവാത്ത സാംസ്ക്കാരിക നവോത്ഥാന നായകരുടെ കാതടപ്പിക്കുന്ന മൗനം കേരളനാടിന് അപമാനമാണ്. ഇവരുടെ ഭീരുത്വം ചോദ്യം ചെയ്യപ്പെടുന്ന നാൾ അകലത്തല്ല. കൊലപാതകികളെ തിരിച്ചറിയാവുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നുവെന്നും കുമ്മനം പ്രസ്താവനയിലൂടെ അറിയിച്ചു.
അതിനിടെ എസ്ഡിപിഐയെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ് രംഗത്ത് എത്തി. സഞ്ജിത്തിനെ കൊലപാതം തീവ്രവാദ സംഘടനയുടെ ഗുഡാലോചനയാണ് കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നും ആർഎസ്എസ് അഖിലേന്ത്യാ ജോയിൻ്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു. പിണറായിയെ പേടിച്ചിട്ടാണ് എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്.
കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും എസ്ഡിപിഐ ഭീകരരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിൽ വ്യാപകമായും കേരളത്തിൽ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം-എസ്ഡിപിഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications