'എംബി രാജേഷും കെ സുരേന്ദ്രനും നടത്തിയ ഗൂഢാോചനയാണ് ആ പരസ്യം'; സന്ദീപ് വാര്യർ
ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ സിപിഎം വിശദീകരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപി-സിപിഎം ബാന്ധവത്തിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നിരിക്കുന്നതെന്നും പരസ്യം നൽകിയെന്ന് പറയുന്ന അഭ്യുതകാംക്ഷികൾ ആരാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും സന്ദീപ് പറഞ്ഞു.
'പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണ ദിവസം തനിക്കെതിരായ പരസ്യം വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു പരസ്യം നൽകിയത് എൽഡിഎഫ് ആണെങ്കിലും അതിന് പണം നൽകിയത് സിപിഎം ആണെന്ന്. ബിജെപിക്ക് പറയാൻ പറ്റാത്ത വർഗീയത സി പി എമ്മിനെ കൊണ്ട് പറയിക്കുകയാണ്. ഇന്ന് അവർ പറഞ്ഞത് സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണ്, തന്റെ വാദം ശരിവെക്കുന്നതാണ് വിശദീകരണം. ആരാണ് ആ അഭ്യുതകാംക്ഷികൾ?

എംബി രാജേഷും കെ സുരേന്ദ്രനും നടത്തിയ ഗൂഢാോചനയുടെ ഭാഗമായിട്ടാണ് പരസ്യം നൽകിയത്. അല്ലാതെ ബിജെപി വിട്ട് വന്ന നേതാവിനെതിരെ സിപിഎം എന്തിനാണ് പരസ്യം കൊടുക്കുന്നത്. അത്തരമൊരു പരസ്യം കൊടുത്തത് കൊണ്ട് ആർക്കാണ് ഗുണമുള്ളത് ബിജെപിക്കല്ലേ?. ബി ജെ പി- സി പി എം ബാന്ധവിന്റെ ഏറ്റവും ശക്തമായ തെളിവായിരുന്നു ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യം വെച്ച് നൽകിയ ആ പരസ്യം. അതിന് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകിയത്. വിശദീകരണത്തോടെ ജനങ്ങൾക്ക് അത് കൂടുതൽ ബോധ്യമായി', സന്ദീപ് പറഞ്ഞു.
സന്ദീപിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പദം നൽകിയേക്കുമെന്നുള്ള വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. 'ഏതെങ്കിലും പദവി വാഗ്ദാനം ചെയ്തത് കൊണ്ടല്ല ഞാൻ കോൺഗ്രസിലേക്ക് വന്നത്. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാൽ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എഐസിസി ആസ്ഥാനത്ത് എത്തിയത്. അല്ലാതെ പദവി സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. കോൺഗ്രസിൽ വന്നപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഞാൻ ഉന്നയിച്ച വിഷയങ്ങളിൽ അവർക്കുള്ള ആത്മാർത്ഥതയും എനിക്ക് ലഭിച്ച അംഗീകാരവുമായിട്ടൊക്കെയാണ് ഞാൻ അതിനെ കാണുന്നത്.
ബിജെപിയുടെ പ്രത്യയശാസ്ത്രം പൂർണമായി തള്ളിക്കളഞ്ഞിട്ടാണ് കോൺഗ്രസിലേക്ക് വന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയിലും ബഹുസ്വരതയിലും വിശ്വസിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഏറ്റവും ശക്തിയുള്ള ഒരേയൊരു പാർട്ടി കോൺഗ്രസാണ്. കഴിഞ്ഞ 10 വർഷമായി രാജ്യത്തെ ഒരുമിച്ച് നിർത്തിയത് കോൺഗ്രസ് എന്ന സുരക്ഷ വാൽവിലുള്ള ജനങ്ങളുടെ വിശ്വാസമാണ്. അതിനാൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഒട്ടും പ്രയാസമുള്ള കാര്യമല്ല. കോൺഗ്രസ് രാജ്യത്ത് അധികാരത്തിൽ വരും. വലിയ ജനപിന്തുണ തന്നെ കിട്ടും', സന്ദീപ് പറഞ്ഞു.












Click it and Unblock the Notifications