കൂറുമാറി കോൺഗ്രസ് അംഗം; കൊപ്പത്ത് യുഡിഎഫിന് തിരിച്ചടി, ഭരണം നഷ്ടമായി
പട്ടാമ്പി: കൊപ്പം ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് എം സി അബ്ദുൾഅസീസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. ബുധനാഴ്ച്ച രാവിലെ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം ഷെഫീക്ക് എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സി പി എം ഭരണം പിടിച്ചത്. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് എൽ ഡി എഫ് വിജയം. ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
17 വാർഡുകളുളള പഞ്ചായത്തിൽ എൽ ഡി എഫിനും യു ഡി എഫിനും എട്ട് വീതം അംഗങ്ങളും ബി ജെ പിക്ക് ഒരംഗവുമാണുള്ളത്.പഞ്ചായത്തിൽ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു എൽ ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയൊണ് തിരഞ്ഞെടുത്തത്. എൽ ഡി എഫിന് പ്രസിഡന്റ് സ്ഥാനവും യു ഡി എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. 2022 ഏപ്രിലിൽ പ്രസിഡന്റ് ആയ ടി ഉണ്ണികൃഷണനെതിരെ യു ഡി എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. ഏക ബി ജെ പി അംഗമായ എപി അഭിലാഷിന്റെ പിന്തുണയോടെയായിരുന്നു ഇത്. യു ഡി എഫിനെ സഹായിച്ചതിന്റെ പേരിൽ അഭിലാഷിനെ ബി ജെ പി സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം അവിശ്വാസം യു ഡി എഫ് പാസായെങ്കിലും ബി ജെ പി അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതോടെ വീണ്ടും നറുക്കെടുപ്പ് നടക്കുകയും മുസ്ലീം ലീഗിലെ എം സി അബ്ദുൾ അസീസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു.












Click it and Unblock the Notifications