'സർ ഞാന്‍ വിരമിക്കുകയാണ്': സ്റ്റേഷനിലെത്തി വിരമിക്കല്‍ പ്രഖ്യാപിച്ച മോഷ്ടാവിനെ പിടിച്ച് അകത്തിട്ടു
പത്തനംതിട്ട: നൂറുകണക്കിന് മോഷങ്ങള്‍ നടത്തുക, ഇരുന്നൂറോളം കേസുകളില്‍ പ്രതിയാവുക, എന്നിട്ട് അവസാനം 'മോഷണ ജോലിയില്‍' നിന്നും വിരമിക്കുന്ന കാര്യം പൊലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് പറയുക. കേള്‍ക്കുമ്പോള്‍ അല്‍പ വിചിത്രമെന്ന് തോന്നാമെങ്കില്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഡി വൈ എസ് പി ഓഫീസ് സാക്ഷ്യം വഹിച്ചത് ഇത്തരമൊരു സന്ദർഭത്തിനാണ്. എന്നാല്‍ യുവാവിന്റെ കുറ്റസമ്മതം കേട്ട് മനസ്സലിയാന്‍ നില്‍ക്കാതെ പൊലീസ് പിടിച്ച് അകത്താക്കുകയും ചെയ്തു.
ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന ബിനു തോമസാണ് അറസ്സിലായിരിക്കുന്നത്. രണ്ട് ബൈക്ക് മോഷണക്കേസുകളിലാണ് നിലവിലെ അറസ്റ്റ്. ഡി വൈ എസ് പി ആർ ജോസ് മുമ്പാകെ നേരിട്ടെത്തിയായിരുന്നു മോഷണം നിർത്തുകയാണെന്ന് കുര്യാക്കോസ് അറിയിച്ചത്. നേരത്തെ പലതവണ ഇതേ സ്റ്റേഷനില്‍ ഉള്‍പ്പടെ ഇയാള്‍ അറസ്റ്റിലായിട്ടുമുണ്ട്.

ഒരു മാലമോഷണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ പ്രതി കഴിഞ്ഞ 21 നായിരുന്നു പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ട് ബൈക്കുകള്‍ മോഷ്ടിക്കുന്നത്. ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റേയും പത്തനംതിട്ട വാര്യാപുരം സ്വദേശിയുടേയും ബൈക്കുകളാണ് കവർന്നത്. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ മോഷണം തുടങ്ങിയ കുര്യാക്കോസിനെ ജോസ് തന്നെ നേരത്ത പലതവണ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഇതോടെ താന്‍ മോഷണം നിർത്തിയെന്ന കാര്യം ജോസിനെ നേരിട്ട് അറിയിക്കാന്‍ കുര്യാക്കോസ് തീരുമാനിച്ചത്.












Click it and Unblock the Notifications