സിപിഎം പുറത്തെടുത്ത തന്ത്രം പയറ്റാൻ കോൺഗ്രസ്, ബൂത്ത് തലം മുതല്‍; ചെന്നിത്തലയുടെ നിര്‍ദ്ദേശം ഇങ്ങനെ
പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിണറായി വിജയന്‍ സര്‍ക്കാരിന് വോട്ട് ചെയ്ത ജനങ്ങള്‍ ഇന്ന് അസ്വസ്ഥരാണെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി യുടെ പുതിയ പദ്ധതിയായ യൂണിറ്റ് കമ്മിറ്റികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ മൈലപ്രായില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും ഏറ്റവും കൂടുതല്‍ കോവിഡ് മരണ നിരക്കും ഉള്ളത് കേരളത്തിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍കാര്‍ പിന്മാറിയിരുന്നു. ഒരു പ്രതേക സാഹചര്യത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ആണ് പിണറായി സര്‍ക്കാര്‍. അത് കണ്ടു നമ്മള്‍ പരിഭ്രമം കൊള്ളേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉടയാത്ത ഖദര്‍ ഇട്ടാല്‍ മാത്രം പോരാ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും വോട്ടു ചെയ്യുവാനും, ചെയ്യിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായാല്‍ ഒരു ശക്തിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കഴിയില്ല. ഒരു മണ്ഡലത്തില്‍ തോറ്റാലും മറ്റേ മണ്ഡലത്തില്‍ ജയിക്കും എന്നുള്ള ചിന്തയും നമ്മള്‍ കാട്ടിയ അലംഭാവവും പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചു. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും അധികാരത്തില്‍ തിരിച്ചുവരും. തിരിച്ചുവരാന്‍ വേണ്ടിയിട്ടാണ് ഈ പുതിയ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖമുദ്ര ആത്മാര്‍ത്ഥതയും, സത്യസന്ധതയും ആയിരിക്കണമെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി എല്ലാവരും ഒന്നിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കെപിസിസി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തികേന്ദ്രം ആക്കും.

2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിപിഎം ഒമ്പതു തവണ വീടുകളില്‍ കയറിയിറങ്ങി. നമ്മളും അതുപോലെ ബൂത്ത് തലത്തിലും യൂണിറ്റ് തലത്തിലുമുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം. ജനങ്ങളെ കള്ളത്തരങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കള്ളങ്ങള്‍ നമ്മള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പൊളിക്കണം.

നമ്മുടെ രാഷ്ട്രീയ ജീവിതം വളര്‍ന്നു വന്നത് കോണ്‍ഗ്രസ് പാര്‍ട്ടി വഴിയാണ്. ഒരു ബൂത്ത് പ്രസിഡന്റ് ആയാലും മണ്ഡലം പ്രസിഡഡന്റ് ആയാലും അവരെ ജനങ്ങള്‍ തിരിച്ചറിയുന്നത് ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ആണ്. സിപിഎം കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ തയ്യാറായി ഇരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലേക്ക് പോയെ നേതാക്കള്‍ക്കൊപ്പം ഒരു പ്രവര്‍ത്തകനും പോകാത്തത് നമ്മള്‍ അഭിമാനം കൊള്ളേണ്ട വിഷയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കെ പി സി സിയുടെ ഈ പരിശ്രമം വളരെ നല്ലൊരു തുടക്കമാണ്. നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച് ഇത് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ഉള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഈ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications