കോവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍
പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ക്രമപ്പെടുത്തി. നഗരസഭാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. മൂന്നു പ്രധാന കവാടങ്ങളാണ് നഗരസഭാ മാര്‍ക്കറ്റിനുള്ളത്. ഈ മൂന്നു കവാടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനമായി. പൊതുജനങ്ങള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും, വളണ്ടിയര്‍മാര്‍ സാനിറ്റൈസര്‍ നല്‍കും.

മാസ്‌ക് മാര്‍ക്കറ്റിലെ വ്യാപാരികള്‍ ശരിയായ രീതിയില്‍ ധരിക്കുന്നുവെന്ന് വാളന്റീയര്‍മാര്‍ ഉറപ്പുവരുത്തും. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്നും, മാര്‍ക്കറ്റിലേക്ക് പ്രവശിക്കുന്ന എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കുന്നു എന്നും വാളന്റീയര്‍മാര്‍ ഉറപ്പാക്കും.
അതേസമയം കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എഎല്‍ ഷീജ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഗൃഹചികിത്സയ്ക്ക് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 12802 രോഗികളുള്ളതില്‍ 11185 പേരും ഗൃഹചികിത്സയിലാണുള്ളത്. ഈ സാഹചര്യത്തില് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സൗകര്യം ഉറപ്പാക്കിയതിനുശേഷം മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരായ വ്യക്തികളെ ഗൃഹചികിത്സയിലിരുത്തുന്നത്.
ഗൃഹചികിത്സയിലുള്ള രോഗബാധിതര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും, ഗുരുതര രോഗം ബാധിച്ചവരെയും പത്തു വയസിനു താഴെയുള്ള കുട്ടികളെയും മാറ്റി താമസിപ്പിക്കേണ്ടതാണ.് അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും ഇവരെ ഒഴിച്ചു നിര്‍ത്തണം.
അത്യാവശ്യഘട്ടത്തില്‍ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി, മൊബൈല്‍ ഫോണ്‍ സൗകര്യം, അറ്റാച്ച്ഡ് ബാത്ത്‌റൂം ഉള്ള പ്രത്യേക മുറിയോ, രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറിയോ ഉണ്ടായിരിക്കണം. വീട്ടില്‍ കഴിയുന്ന രോഗികള്‍ സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നന്നായി വിശ്രമിക്കണം, ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം.
വീടുകളില്‍ ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. അപകട സൂചനകളായ ശ്വാസതടസം, നെഞ്ചുവേദന, മയക്കം, മൂക്കില്‍ നിന്നും രക്തം, അതിയായ ക്ഷീണം, രക്ത സമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം, കിതപ്പ് ഇവ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെയോ, ഡോക്ടറെയോ വിവരം അറിയിക്കുക.
വീടുകളില്‍ വ്യക്തി ശുചിത്വം പാലിക്കണം. നിത്യോപയോഗ സാധനങ്ങള്‍, വീട്ടിലെ മറ്റു വസ്തുക്കള്‍ എന്നിവ പങ്കിടരുത്. വീടുകളിലെ ഒത്തു ചേരലുകള്‍ ഒഴിവാക്കണം. എല്ലാവരും മൂന്നു ലയറുള്ള മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. സ്ഥിരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുക. അജൈവ മാലിന്യങ്ങള്‍ സുരക്ഷിതമായി കത്തിച്ചുകളയുക.
ഗൃഹ ചികിത്സയിലുള്ള രോഗബാധിതര്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോട് കൃത്യമായി പ്രതികരിക്കുകയും അവരുമായി സഹകരിക്കുകയും വേണം.ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രവുമായോ പഞ്ചായത്ത്തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളുമായോ വാര്‍ഡ്തല ആര്‍.ആര്‍.ടിയുമായോ ജില്ലാ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടാം. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515. മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് 8281113911 എന്നീ നമ്പറിലേക്ക് വിളിക്കാം.












Click it and Unblock the Notifications