മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം ജീവനോടെ നാട്ടിൽ; ഒരു ചോദ്യം ബാക്കി !
മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചുവെന്ന് കരുതി സംസ്കരിച്ച സാബു നാട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തിയെന്നറിഞ്ഞ നാട്ടുകാർക്കും വീട്ടുകാർക്കും അത്ഭുതവും സന്തോഷവും
പത്തനംതിട്ട: മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചുവെന്ന് കരുതി സംസ്കരിച്ച യുവാവ് ജീവനോട തിരിച്ചുവന്നാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. ട്വിസ്റ്റും സസ്‌പെൻസുമെല്ലാം ആയി ഒരു സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾക്കാണ് പന്തളം സ്വദേശികൾ സാക്ഷിയായത്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

കഴിഞ്ഞ ഡിസംബർ മാസത്തിൽ വീടു വിട്ടിറങ്ങിയ പത്തനംതിട്ട പന്തളം കുടശനാട് സ്വദേശി സാബു ജേക്കബ് മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന ഒരു വാഹനപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് നാട്ടുകാരും വീട്ടുകാരുമെല്ലാം വിശ്വസിച്ചിരുന്നത്. പാലായിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച അജ്ഞാത യുവാവുമായി വളരെ അടുത്ത സാദൃശ്യം ഉണ്ടായിരുന്നതാണ് ഇതിന് കാരണം. ഇതോടെ മൃതദേഹം സ്വന്തം ഇടവകയിൽ എത്തിച്ച് സംസ്കരിക്കുകയും ചെയ്തു.
ഡിസംബർ 24 ന് പാലയിൽ നടന്ന വാഹന അപകടത്തിൽ മരിച്ച അഞ്ജാത യുവാവിന്റെ ചിത്രങ്ങൾ കണ്ട് ബന്ധുക്കൾക്ക് സാബു ആണെന്ന് സംശയം തോന്നുകയായിരുന്നു. പല്ലിന്റെ പൊട്ടലും, കയ്യിലെ അസ്ഥിയിലെ ഒടിവും കണ്ടതോടെ മരിച്ചത് സാബു എന്ന് ഉറപ്പിച്ചു. സാബുവിന്റെ അമ്മയ്ക്കും സഹോദരനും ഭാര്യക്കും സംശയമുണ്ടായില്ല. തുടർന്ന് ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി കുടശനാട് സെന്റ് സ്റ്റീഫൻ സെമിത്തേരിയിൽ സംസ്കാരവും നടന്നു.
എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം ജീവനുള്ള സാബു ജേക്കബിനെ ജീവനോടെ കണ്ടെത്തിയിരിക്കുകയാണ് ഒരു സുഹൃത്ത്. സ്വകാര്യ ബസിൽ ക്ലീനറായിരുന്നു സാബു ജേക്കബ്. മുൻപ് സാബവിനൊപ്പം ബസിൽ ജോലി ചെയ്തിരുന്ന ആളാണ് ആലപ്പുഴ കായങ്കുളത്ത് വച്ച് സാബുവിനെ കണ്ടത്. അടയാളങ്ങളെല്ലാം സ്ഥിരീകരിച്ചതോടെ ഇയാൾ വാർഡ് കൗൺസിലറെ വിവരം അറിയിച്ചു.
മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചുവെന്ന് കരുതി സംസ്കരിച്ച സാബു നാട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തിയെന്നറിഞ്ഞ നാട്ടുകാർക്കും വീട്ടുകാർക്കും അത്ഭുതവും സന്തോഷവും. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. അപ്പോൾ സെന്റ് സ്റ്റീഫൻ പള്ളി സെമിത്തേരിയിൽ അടക്കിയിരിക്കുന്ന ആ യുവാവ് ആരാണ്. ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications