കേരള കോണ്‍ഗ്രസിന് ഉറപ്പില്ല, റാന്നിയില്‍ വീണ്ടും രാജു അബ്രഹാം; കോണ്‍ഗ്രസിനായി റിങ്കു ചെറിയാന്‍
പത്തനംതിട്ട: യുഡിഎഫിന്‍റെ കുത്തകമണ്ഡലായ റാന്നി 1996 ലാണ് സിപിഎം ആദ്യമായി പിടിക്കുന്നത്. കോണ്‍ഗ്രസിലെ ഫീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തി രാജു എബ്രഹാമിലൂടെയായിരുന്നു മണ്ഡലത്തില്‍ സിപിഎം ചെങ്കൊടി പാറിച്ചത്. അന്ന് മുതല്‍ ഇന്നേവരെ റാന്നിയില്‍ രാജുഎബ്രഹാമിന് ഒരു സ്ഥാന ചലനം ഉണ്ടായിട്ടില്ല. 1966 ശേഷം 2016 വരെയുള്ള നാല് തിരഞ്ഞെടുപ്പിലും റാന്നിയില്‍ രാജു എബ്രഹാം തന്നെ വിജയിച്ചു. സിപിഎമ്മില്‍ അത്യപൂര്‍വ്വമായിട്ടാണ് ഒരു നേതാവിന് തുടര്‍ച്ചയായ അഞ്ച് തവണ മത്സരിക്കാന്‍ അവസരം നല്‍കുന്നത്. എന്നാല്‍ ഇത്തവണ റാന്നിയില്‍ നിന്നും രാജു എബ്രഹാം മാറിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

പത്തനംതിട്ട ജില്ലയില്‍
പത്തനംതിട്ട ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം നോട്ടമിട്ടിരിക്കുന്ന സീറ്റാണ് റാന്നി. റാന്നിയില്‍ മുമ്പ് കേരള കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും യുഡിഎഫില്‍ കഴിഞ്ഞ കുറച്ച് തവണയായി അവര്‍ മത്സരിക്കുന്നത് തിരുവല്ലയിലാണ്. എന്നാല്‍ എല്‍ഡിഎഫില്‍ ജെഡിഎസ് മത്സരിച്ച് വിജയിക്കുന്ന സീറ്റാണ് തിരുവല്ല. അതിനാല്‍ ഈ സീറ്റ് വിട്ട് കിട്ടാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെയാണ് റാന്നിക്കായുള്ള ആവശ്യം കേരള കോണ്‍ഗ്രസ് എം ശക്തമാക്കുന്നത്.

സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ ജോസ് വിഭാഗത്തിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരത്തിനിറങ്ങും. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ മണ്ഡലത്തിലെ വിജയത്തിന്‍റെ കാര്യത്തില്‍ ഇടതുമുന്നണിക്ക് സംശയമൊന്നുമില്ല. റാന്നിയില്‍ എല്ലാ സമവാക്യങ്ങളും ഒത്തുചേരുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയിലായിരുന്നു രാജു എബ്രഹാമിന് സിപിഎം തുടര്‍ച്ചയായി അവസരം നല്‍കിപോന്നിരുന്നു.

ഓര്‍ത്തഡോക്സ് വിഭാഗം
ഓര്‍ത്തഡോക്സ് വിഭാഗക്കാരനാണെങ്കിലും എല്ലാ സമുദായങ്ങളുമായും മികച്ച ബന്ധമായിരുന്നു രാജു അബ്രഹാമിന് ഉണ്ടായിരുന്നത്. 2011 ല്‍ പീലിപ്പോസ് തോമസിനെതിരെ 6614 വോട്ടിന് വിജയിച്ച രാജു അബ്രഹാമിന്‍റെ 2016 ലെ വിജയം 14596 ആയിരുന്നു. കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനായിരുന്നു എതിരാളി. എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു സീറ്റ്.

കടുത്തുരുത്തിയില്‍
കടുത്തുരുത്തിയില്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സ്റ്റീഫന്‍ ജോര്‍ജ്, പത്തനംതിട്ട ജില്ല പ്രസിഡന്‍റ് എന്‍എം രാജു എന്നിവരെയാണ് റാന്നിയിലേക്കായി കേരള കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എന്നാല്‍ റാന്നിയില്‍ സ്റ്റീഫന്‍ ജോര്‍ജിന് അത്ര താല്‍പര്യമില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹം കടുത്തുരുത്തി തന്നെയാണ്. ഇതോടെ സീറ്റ് ഉറപ്പിച്ച് എന്‍ എം രാജു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എന്‍എം രാജുവിന്‍റെ സാധ്യത
കെഎം മാണിയുടെ വിശ്വസ്താനായിരുന്ന എന്‍എം രാജു കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിലും ജോസ് കെ മാണിക്കൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ പത്തനംതിട്ട വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സിപിഎം ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഎം തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ രാജു എബ്രഹാമിന് ഒരു അവസരം കൂടി ലഭിച്ചേക്കും.

റാന്നിയില്‍ ആറാം തവണയും
അങ്ങനെയെങ്കില്‍ തുടര്‍ച്ചയായ ആറാം തവണയും അദ്ദേഹം ജനവിധി തേടും. തുടര്‍ ഭരണം ലക്ഷ്യമിടുന്നതിനാല്‍ ഉറച്ച സീറ്റില്‍ വലിയ പരീക്ഷണത്തിന് സിപിഎം മുതിര്‍ന്നേക്കില്ല. രാജു ജോര്‍ജിന് പകരമായി ഡിവൈഎഫ്ഐ മുന്‍ നേതാവായ റോഷന്‍ മാത്യവിന്‍റെ പേരും ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 2016 ലും റോഷന്‍ മാത്യുവിന്‍റെ പേര് മണ്ഡലത്തില്‍ പരിഗണിച്ചിരുന്നു.

റിങ്കു ചെറിയാന്‍
മറുവശത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്. കെപിസിസി സെക്രട്ടറിയായ റിങ്കു ചെറിയാനാണ് കോണ്‍ഗ്രസില്‍ പ്രഥമ പരിഗണന. യുവാക്കള്‍ക്കിടയിലെ സ്വാധീനവും മണ്ഡലത്തിലെ പരിചയവുമാണ് അദ്ദേഹത്തിന്‍റെ അനുകൂല ഘടകം. തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരമായി റാന്നി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കാനും സാധ്യതയുണ്ട്.

തിരുവല്ലയ്ക്ക് പകരം
തിരുവല്ല സീറ്റിനായി പിജെ കൂര്യന്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിന് ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്. ദില്ലീ കേന്ദ്രീകരിച്ചാണ് സീറ്റിനായി പിജെ ജോസഫ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജയസാധ്യത കൂടി പരിഗണിച്ച് തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.

ബിഡിജെഎസിന്
എന്‍ഡിഎയില്‍ ഇത്തവണയും റാന്നി സീറ്റ് ബിഡിജെഎസിന് കൈമാറിയേക്കും. അങ്ങനെയെങ്കില്‍ കെ പത്മകുമാറിന് വീണ്ടും അവസരം ലഭിക്കും. കഴിഞ്ഞതവണ 28,201 വോട്ടുകളാണ് കെ.പദ്മകുമാറിന് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് പിടിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ.

റാന്നി മണ്ഡലം
റാന്നി പെരുനാട്, വടശ്ശേരിക്കര, എഴുമറ്റൂര്‍, വെച്ചൂച്ചിറ, പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി, ചെറുകോള്‍, അയിരൂര്‍, നാറാണംമുഴി, കൊറ്റനാട്, കോട്ടങ്ങാള്‍ പഞ്ചായത്തുകള്‍ ചേരുന്നതാണ് റാന്നി മണ്ഡലം. ഇതില്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങലും ഇടതുമുന്നണിയുടെ കൈകളിലാണ്. നാറാണംമുഴി, റാന്നി അങ്ങാടി, പഴവങ്ങാടി പോലുള്ള ഏതാനും പഞ്ചായ്തതുകള്‍ മാത്രമാണ് യുഡിഎഫിന്‍റെ കൈകളില്‍ ഉള്ളത്.
യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം