ഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജേസഫ് വിഭാഗത്തില്‍ തര്‍ക്കം
പത്തനംതിട്ട: യുഡിഎഫില്‍ കഴിഞ്ഞ മൂന്ന് തവണയും കേരള കോണ്‍ഗ്രസ് എം മത്സരിച്ച് പരാജയപ്പെട്ട സീറ്റാണ് തിരുവല്ല. ജെഡിഎസ് നേതാവ് മാത്യു ടി തോമസ് ആയിരുന്നു മൂന്ന് തവണയും എല്‍ഡിഎഫിന് വേണ്ടി സീറ്റ് സ്വന്തമാക്കിയത്. യുഡിഎഫിന് സ്വാധീനം ഉള്ള മണ്ഡലമാണെങ്കിലും കേരള കോണ്‍ഗ്രസിലേയും കോണ്‍ഗ്രസിലേയും കാല് വാരലുകളായിരുന്നു പലപ്പോഴും യുഡിഎഫിന് തിരിച്ചടിയായത്. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാന്‍ യുഡിഎഫ് ഒരുങ്ങുമ്പോള്‍ സീറ്റ് മോഹവുമായി ഒരു പിടി സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

തിരുവല്ല ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ഇത്തവണ സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പിജെ കൂര്യന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ സീറ്റിനായി രംഗത്തുണ്ട്. ജോസ് പോയതോടെ ശക്തി ക്ഷയിച്ച പിജെ ജോസഫിന് സീറ്റ് കൊടുത്ത് മണ്ഡലം തിരികെ പിടിക്കാനുള്ള അവസരം കളഞ്ഞ് കുളിക്കരുതെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.

വിട്ടുതരില്ലെന്ന് ജോസഫ് വിഭാഗം
എന്നാല്‍ ഒരു കാരണവശാലും സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കിയത്. കോട്ടയത്ത് ചില വിട്ടു വീഴ്ചകള്‍ക്ക് പാര്‍ട്ടി തയ്യാറാണെങ്കിലും പത്തനംതിട്ടയിലെ ഏക സീറ്റിന്‍റെ കാര്യത്തില്‍ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് നേതാക്കള്‍ പരസ്യമായി വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

നാല് നേതാക്കള്‍ രംഗത്ത്
എന്നാല്‍ സീറ്റ് ലഭിച്ചാലും ആര് സ്ഥാനാര്‍ത്ഥിയാവും എന്നതാണ് കേരള കോണ്‍ഗ്രസ് ജോസഫിനെ കുഴക്കുന്നത്. പാര്‍ട്ടിയുടെ നാല് ഉന്നതാധികാര സമിതി അംഗങ്ങളാണ് തിരുവല്ലയില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സീറ്റില്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി തോമസ് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ സമീപിച്ചിട്ടുണ്ട്.

വിക്ടര്‍ ടി തോമസിനും വേണം
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മണ്ഡലത്തിലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനുള്ള ശ്രമം വിക്ടര്‍ ടി തോമസ് ആരംഭിച്ചിട്ടുണ്ട്. വലിയ പ്രചാരണമാണ് ഇദ്ദേഹത്തിന്‍റെ അനുയായികള്‍ മണ്ഡലത്തിലും സാമൂഹിക മാധ്യമങ്ങളിലും നടത്തുന്നത്. 2011 ലും 2006 ലും ല്‍ മാത്യു ടി തോമസിനെതിരെ മത്സരിച്ചെങ്കിലും മണ്ഡലത്തില്‍ വിക്ടര്‍ തോമസ് പരാജയപ്പെട്ടിരുന്നു.

പരാജയത്തിന്‍റെ കാരണങ്ങള്‍
തിരുവല്ല സീറ്റ് തന്റേതാണെന്ന് വിക്ടർ ടി തോമസ് മാധ്യമങ്ങളിലൂടേയും അവകാശപ്പെട്ടിട്ടുണ്ട്. യുഡിഎഫില്‍ തിരുവല്ല സീറ്റ് കിട്ടാനുള്ള ഒന്നാമത്തെ അര്‍ഹത തനിക്കാണെന്നും അദ്ദേഹം പറയുന്നു.സീറ്റിനെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ വ്യക്തമാക്കുന്നതാണ് വിക്ടര്‍ ടി തോമസിന്‍റെ വാക്കുകള്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുമുണ്ടായ കാല് വാരലാണ് 2011 ലും 2016 ലുമുള്ള തന്‍റെ പരാജയത്തിന് കാരണമെന്നാണ് വിക്ടര്‍ അവകാശപ്പെടുന്നത്.

പഴയ മാണി പക്ഷക്കാര്‍ക്ക്
വർഷങ്ങളോളം കെ എം മാണിക്കൊപ്പം നിന്നിട്ടും ഇക്കഴിഞ്ഞ പാർട്ടി പിളർപ്പിൽ പി ജെ ജോസഫിന്‍റെ ചേരിയില്‍ ഉറച്ച് നിന്ന തന്നെ തഴയരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നത്. പാര്‍ട്ടി പിളര്‍പ്പില്‍ ജോസഫിന്‍റെ കൂടെ പോന്ന പഴയ മാണി വിഭാഗം നേതാക്കള്‍ക്ക് കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗത്തില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

ജോസഫ് നല്ല മനുഷ്യന്‍
പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് നല്ല മനുഷ്യനാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ ചുറ്റിലുമുള്ള ചില നേതാക്കള്‍ അദ്ദേഹത്തെ തെറ്റിദ്ധിരിപ്പിക്കുകയാണെന്നും വിക്ടര്‍ ആരോപിക്കുന്നു. ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ വിമതനായി മത്സരിക്കുമെന്ന ഭീഷണിയും വിക്ടര്‍ ടി തോമസ് ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജോസഫ് എം പുതുശ്ശേരിയും
വിക്ടറിനൊപ്പം സീറ്റിനായി നോട്ടമിടുന്ന മറ്റൊരു നേതാവ് ജോസഫ് എം പുതുശ്ശേരിയാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത് ജോസഫ് എം പുതുശ്ശേരിയായിരുന്നു. എന്നാല്‍ മാത്യു ടി തോമസിനോട് 8262 വോട്ടുകള്‍ക്ക് തോറ്റു. പാര്‍ട്ടി പിളര്‍പ്പിന്‍റെ ആദ്യഘട്ടത്തില്‍ ജോസിനൊപ്പം ഉറച്ചു നിന്ന ജോസഫ് എം പുതുശ്ശേരി അവസാന നിമിഷമാണ് ജോസഫിനൊപ്പം ചേരുന്നത്.

തിരുവല്ല സീറ്റ് പ്രതീക്ഷിച്ച്
തിരുവല്ല സീറ്റ് പ്രതീക്ഷിച്ചാണ് പുതുശ്ശേരി ജോസഫിനൊപ്പം ചേര്‍ന്നതെന്ന സൂചന തുടക്കം മുതല്‍ ഉണ്ട്. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ അദ്ദേഹത്തിന് സീറ്റ് ലഭിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ജോസിനെ വിട്ടതെന്നാണ് സംസാരം. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പുറമെ ജില്ലാ പഞ്ചായത്ത് മുൻ അംഗം സാം ഈപ്പൻ, കുഞ്ഞു കോശി പോൾ എന്നിവരാണ് സീറ്റ് മോഹിച്ച് രംഗത്തുള്ളത്.
വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം