ഡ്രോണ്‍ പറന്നിട്ടും രക്ഷയില്ല, പുലി പതുങ്ങി: പുലിപ്പേടി ഒഴിയാതെ പത്തനംത്തിട്ട കലഞ്ഞൂർ നിവാസികള്‍
പത്തനംതിട്ട: അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലും പത്തനംതിട്ട കലഞ്ഞൂരില്‍ ഇറങ്ങിയ പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഡ്രോണ്‍ പരിശോധനയില്‍ പുലിയെ കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതുവരെ പുലിയുടെ സൂചനകളൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്തത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു. പരിസര പ്രദേശങ്ങളിലെവിടെയെങ്കിലും പുലി ഒളിഞ്ഞിരിപ്പുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന ആരംഭിച്ചു . അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ,കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ എഫ് എസ്. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ
കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്.തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.സ്കൈ കോപ്റ്റർ A6, ക്വാഡാകോപ്റ്റർ എന്നീ രണ്ടു ഡ്രോണുകളും
40x സൂം ക്യാമറയും തെർമ ൽ ക്യാമറയും ആണ് ഡ്രോണിൽ ഉപയോഗിക്കുന്നത്.
മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെർമൽ ക്യാമറയിൽ ഉണ്ട്. കല്യാൺ സോമൻ ഡയറക്ടർ ആയിട്ടുള്ള ടീമിൽ അനിൽ കുമാർ മച്ചാനി ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവരാണ് സംഘത്തിലുള്ളത്. ഞായർ ഉച്ച മുതൽ സംഘം വന പാലകരോടൊപ്പം പുലിക്കായി തിരച്ചിൽ നടത്തുകയാണ്. രാക്ഷസൻ പാറയിൽ സംഘം രാത്രി ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.
എംഎൽഎ യോടൊപ്പം കോന്നി ഡി എഫ് ഒ ആയുഷ്കുമാർ കോറി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി പുഷ്പവല്ലി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷാൻ ഹുസൈൻ, ആശാ സജി, നടുവത്ത് മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശരത് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിതാ സജി, മേഴ്സി, ബിന്ദു റെജി, എസ് പി സജൻ, ജൂബി ചക്കുതറയിൽ, പവിൻ കുമാർ, വിഷ്ണു തമ്പി, വനപാലകർ തുടങ്ങിയവർ ഉണ്ടായിരുന്നു.












Click it and Unblock the Notifications