വീണാ ജോര്‍ജിന്റെ മന്ത്രി പദം സിപിഎം തന്ത്രം, കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കിയ മണ്ണില്‍ ഇനി കളി മാറും
പത്തനംതിട്ട: ആറന്മുളയില്‍ നിന്ന് ജനകീയ പ്രതിച്ഛായയുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലെത്തിയിരിക്കുകയാണ്. സിപിഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിമാരിലൊരാളാണ് അവര്‍. കൃത്യമായ ലക്ഷ്യത്തിലാണ് രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുന്നത്. ഇത്തവണ മണ്ഡലത്തില്‍ ഫലിച്ച ഫാക്ടറുകളും സിപിഎം വീണയെ പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. വീണയുടെ പ്രവര്‍ത്തനമികവും അതിനോടൊപ്പം നില്‍ക്കുന്നതാണ്.
Recommended Video
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ജനകീയ മുഖം
സിപിഎമ്മിന്റെ ഇത്തവണത്തെ വനിതാ മന്ത്രിമാരില്‍ ഏറ്റവും ജനകീയ മുഖം വീണയ്ക്കാണ്. പത്തനംതിട്ടയില്‍ നിന്നുള്ള ഏക മന്ത്രിയും അവര്‍ തന്നെയാണ്. നിയമസഭയില്‍ സിപിഎമ്മിന്റെ ഉറച്ച ശബ്ദം കൂടിയാണ് അവര്‍. ദീര്‍ഘവീക്ഷണത്തോടെയുള്ള അവരുടെ പ്രവര്‍ത്തനമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആദ്യ കാരണമായത്. പ്രളയം, കൊവിഡ് എന്നീ സമയത്ത് ആറന്മുളയെ സുരക്ഷിതമായി നിര്‍ത്തിയത് വീണയുടെ മികവാണ്.

സമവാക്യങ്ങള്‍ മുന്നില്‍ കണ്ട്
കൃത്യമായ സമവാക്യങ്ങള്‍ ആറന്മുളയില്‍ വീണയുടെ ഭൂരിപക്ഷം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ശിവദാസന്‍ നായര്‍ മത്സരിച്ചിട്ടും നായര്‍ വോട്ടുകള്‍ ഭിന്നിക്കപ്പെടാതെ തന്നെ വീണയ്ക്ക് ലഭിച്ചു. അതോടൊപ്പം എന്‍എസ്എസിന്റെ സഹായവും വീണയ്ക്ക് തന്നെയായിരുന്നു. അവിടെ വീണയെ തോല്‍പ്പിക്കാന്‍ പറയാനും എന്‍എസ്എസ് ശ്രമിച്ചില്ല. അതോടൊപ്പം ക്രിസ്ത്യന്‍ വോട്ടുകള്‍ നല്ല രീതിയില്‍ തന്നെ വീണയ്ക്ക് ലഭിച്ചു. നേരത്തെ തന്നെ സഭാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തിയ വീണയുടെ നീക്കങ്ങളാണ് സിപിഎം കോട്ടയാക്കി ആറന്മുളയെ മാറ്റിയത്.

ഭൂരിപക്ഷം കൂടുന്നു
2016ല്‍ ശിവദാസന്‍ നായരെ പരാജയപ്പെടുത്തുമ്പോള്‍ 7646 വോട്ടായിരുന്നു വീണയുടെ ഭൂരിപക്ഷം. അഞ്ച് വര്‍ഷത്തിന് ശേഷം 19003 വോട്ടായി അത് ഉയര്‍ന്നു. മണ്ഡലത്തില്‍ ജാതി സമവാക്യങ്ങളും സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗും വീണയുടെ ജനകീയ മുഖവും എല്ലാം ഗുണകരമായി വന്നു. ക്രിസ്ത്യന്‍ വോട്ടുകളെ യുഡിഎഫില്‍ നിന്ന് സ്ഥിരമാക്കി നിര്‍ത്തുക കൂടിയാണ് വീണയുടെ മന്ത്രിസ്ഥാനം കൊണ്ട് സിപിഎം ലക്ഷ്യമിടുന്നത്. ഒപ്പം സ്ത്രീ വോട്ടര്‍മാരുടെ മനസ്സും കവരാം.

പത്തനംതിട്ടയിലെ ഏക മന്ത്രി
പത്തനംതിട്ടയിലെ ഏക മന്ത്രിയാണ് വീണ. ഇവിടെ കോണ്‍ഗ്രസ് വട്ടപൂജ്യമായ ജില്ല കൂടിയാണ്. ആറന്മുളയിലെ സമവാക്യങ്ങള്‍ മറ്റിടങ്ങളിലും സിപിഎമ്മിനെയും എല്‍ഡിഎഫിനെയും സഹായിച്ചിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം, കേരള സര്‍വകലാശാലയില്‍ നിന്ന് റാങ്ക് തിളക്കവുമായി ബിരുദവും ബിഎഡും നേടി. കൈരളി ടിവിയിലൂടെയായിരുന്നു മാധ്യമ രംഗത്തേക്ക് വന്നത്. ദൃശ്യ മാധ്യമ രംഗത്ത് തിളങ്ങിയ ശേഷമാണ് രാഷ്ട്രീയ ഇന്നിംഗ്‌സിന് തുടക്കമിട്ടത്.

യുഡിഎഫ് കോട്ട പൊളിഞ്ഞു
വീണയുടെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ യുഡിഎഫിന്റെ കോട്ടയായ ആറന്മുള വീഴുകയായിരുന്നു. പൊതു പ്രതിച്ഛായ അവര്‍ക്ക് ഗുണകരമായിരുന്നു. ആദ്യ തവണ മണ്ഡലം പിടിക്കുക മാത്രമായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് വീണ ജനകീയ നേതാവായി മാറി. അതിനുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനം നല്‍കിയത്. യുഡിഎഫിന്റെ കോട്ട ഇപ്പോള്‍ ഇടതിന്റെ ശക്തമായ മണ്ണായും ആറന്മുള മാറിയിരിക്കുകയാണ്.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications