പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബശ്രീയുടെ ആശയാധിഷ്ഠിത ബോധവത്ക്കരണ പരിപാടി വിജയത്തിലേക്ക്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സുരക്ഷിത ഭക്ഷണം, ആരോഗ്യം, മാലിന്യ സംസ്‌കരണം തുടങ്ങി മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് അത്യാവശ്യമായ വിഷയങ്ങളിൽ കുടുംബശ്രീ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ആശയാധിഷ്ഠിത ബോധവത്ക്കരണം നൽകുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച പരിപാടി ജില്ലയിൽ വൻ വിജയമായതായി കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.സാബിർ ഹുസൈൻ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം സുരക്ഷിത ഭക്ഷണമാണ്.

ഇത് ഉറപ്പുവരുത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്. സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണത്തിലൂടെ കുടുംബശ്രീ അംഗങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. മായംചേർന്ന എണ്ണകളിൽ തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി ആവിയിൽ പാചകം ചെയ്‌തെടുത്ത ഭക്ഷണ സാധനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ബോധവത്ക്കരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിൽ 26 കിയോസ്‌കുകൾ വിവിധ ഭാഗങ്ങളിലായി കുടുംബശ്രീ സ്ഥാപിച്ചിട്ടുണ്ട്.

Pathanamthitta

ജൈവ പച്ചക്കറിക്ക് പ്രാധാന്യം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പൊലിവ് പദ്ധതിയിലൂടെ ജൈവപച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞു. സ്ത്രീധനം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം പരിഹരിക്കുന്നതിനായി അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീധനവും വിവാഹധൂർത്തും ഒഴിവാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ നടന്നുവരുന്നു. എല്ലാ അയൽക്കൂട്ടങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

കുടുംബശ്രീ ബാലസഭകൾ കേന്ദ്രീകരിച്ച് നവമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറി ച്ചുള്ള പ്രചരണ പരിപാടികൾ നടന്നുവരുന്നു. കുട്ടികളിലെ നവമാധ്യമങ്ങളുടെ അമിത ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസുകൾ നടന്നുവരുന്നു. കുടുംബ ബന്ധങ്ങളുടെ പ്രസക്തി യുവതലമുറയിൽ എത്തിക്കുന്നതിനായി എന്റെ മുത്തശ്ശനും മുത്തശ്ശിയും എന്ന പേരിൽ വാർഡുകൾ കേന്ദ്രീകരിച്ച് വയോജന യുവജന സംഗമങ്ങളും നടന്നുവരുന്നുണ്ട്.

ആൻഡ്രോയിഡ് ഫോണുള്ള കുടുംബശ്രീ അംഗങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയർ തയാറായി വരുന്നുണ്ട്. ഈ സോഫ്റ്റ്‌വെയർ സജ്ജമാകുന്നതോടെ കുടുംബശ്രീ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഒരു ആപ്പിലൂടെ അംഗങ്ങൾക്ക് ലഭിക്കും. അതോടൊപ്പം അയൽക്കൂട്ടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ അംഗങ്ങൾക്ക് അപ്‌ലോഡ് ചെയ്യുന്നതിനും കഴിയും.

മാലിന്യ സംസ്‌കരണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഹരിതകർമസേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ആശയാധിഷ്ഠിത ബോധവത്ക്കരണത്തിന് 28 കമ്മ്യൂണിറ്റി കൗൺസിലർമാർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നു. ഇവരുടെ സേവനം പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലെ ജൻഡർ റിസോഴ്‌സ് സെന്ററുകൾ വഴി പൊതുജനങ്ങൾക്ക് ലഭിക്കും.

English summary
Pathanamthitta Local News about kudumbasree programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X