അടൂരിൽ വയോജനങ്ങൾക്ക് തണലൊരുക്കി നാരങ്ങാനം പഞ്ചായത്ത്; പകൽവീടിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും
അടൂർ: വാർധക്യത്തിന്റെ ഏകാന്തതയിൽ കഴിയുന്നവർക്ക് സ്‌നേഹക്കൂടൊരുക്കി നാരങ്ങാനം പഞ്ചായത്തിന്റെ പകൽവീട്. നിർമാണം പൂർത്തിയായ പകൽവീടിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും. മക്കൾ ജോലിക്കും പേരക്കുട്ടികൾ പഠിക്കുന്നതിനുമായി പോകുമ്പോൾ പലപ്പോഴും ഒന്നും ചെയ്യാനില്ലാതെ വയോജനങ്ങൾ വീടുകളിൽ ഒറ്റപ്പെടാറുണ്ട്.
ഇങ്ങനെ പലരുടേയും ജീവിതം മടുപ്പായി തീരുകയാണ് പതിവ്. ജീവിതസായാഹ്നത്തിന്റെ ഊഷ്മളത ഒട്ടും ചോരാതിരിക്കാൻ ലക്ഷ്യമിട്ടാണ് നാരങ്ങാനം പഞ്ചായത്തിന്റെ പകൽവീടൊരുങ്ങുന്നത്. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഈ വിശ്രമത്തണലിന്റെ പ്രവർത്തനസമയം. അറുപത് വയസിന് മുകളിലുള്ള ആർക്കും ഇവിടെയെത്താം.

പകൽവീട്ടിലെ അതിഥികൾക്ക് വേണ്ട സഹായമൊരുക്കാൻ സജ്ജരായി കുടുംബശ്രീപ്രവർത്തകർ ഉണ്ട്. അവർക്ക് ചെറിയൊരു പ്രതിഫലവും ഇതിലൂടെ നൽകും. വിശ്രമത്തണൽ തേടിയെത്തുന്ന അതിഥികൾക്ക് ഫീസൊന്നും ഇല്ല. പ്രവേശനം തികച്ചും സൗജന്യമാണ്. വയോജനങ്ങൾക്കായി പകൽവീട്ടിൽ പത്രം, ടിവി എന്നിവയും മുഴുവൻ സമയവും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണവും തയാറാക്കിയിട്ടുണ്ട്.
പകൽവീടിന് സമീപത്ത് തന്നെ പഞ്ചായത്ത് വക പ്രാഥമികാരോഗ്യ കേന്ദ്രം ഉള്ളതിനാൽ ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപയാണ് പകൽവീടിന്റെ നിർമാണത്തിനായി പഞ്ചായത്ത് ചെലവഴിച്ചത്. പകൽവീടിന്റെ എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്ത് നേരിട്ടാണ് നടപ്പിലാക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടമ്മനിട്ട കരുണാകരൻ പറഞ്ഞു.












Click it and Unblock the Notifications