പത്തനംതിട്ടയില്‍ പട്ടാപകല്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊലപ്പെടുത്തി മോഷണം: അന്വേഷണം പുരോഗമിക്കുന്നു
പത്തനംതിട്ട: മൈലപ്രയില്‍ കടക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപത്തെ വ്യാപാരികള്‍ ഉള്‍പ്പെടേയുള്ളവരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി.
മൈലപ്ര പുതുവേലില്‍ സ്റ്റോഴ്സ് ഉടമ ജോർജ് (72)നെയാണ് ശനിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിന്റെ ഭാഗമായുള്ള കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നും പൊലീസ് കണക്ക് കൂട്ടുന്നു. ശനിയാഴ്ച വൈകീട്ട് ജോർജിന്റെ ചെറുമകന്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

പട്ടാപ്പകല്‍ മൈലപ്ര പോലെ തിരക്കേറിയ സ്ഥലത്ത് കൊലപാതകം നടന്നത് വലിയ ഞെട്ടലാണ് നാട്ടുകാർക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച രാവിലെ കടയിലെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും വിശദമായി പരിശോധന നടത്തും. സമീപത്തെ സി സി ടി വികള്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കടയും പരിസരവും ജോർജിന്റെ പ്രവർത്തികളും നിരീക്ഷിച്ചതിന് ശേഷം നടത്തിയ കൊലപാതകമാണെന്നും പൊലീസ് കണക്ക് കൂട്ടുന്നു. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. സ്ഥിരമായി സ്വർണ മാല ധരിക്കാറുള്ള വ്യക്തിയാണ് ജോർജ്. കടയില്‍ പണവും സൂക്ഷിക്കാറുണ്ട്. ഇത് രണ്ടും നഷ്ടമായി. ഒന്നിലധികം ആളുകള്‍ സംഭവത്തിന് പിന്നില്‍ ഉണ്ടാകാമെന്നും സൂചനയുണ്ട്. കടയില്‍ സി സി ടി വി ഉണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പ്രതികള്‍ കൊണ്ടുപോയിട്ടുണ്ട്.












Click it and Unblock the Notifications