പത്തനംതിട്ടയിൽ 3 മണിക്കൂറിനിടെ ലഭിച്ച് 70 മില്ലീ മീറ്റർ മഴ; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ടയിൽ മഴ കനക്കുന്നു. കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ ജില്ലയിൽ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്. 2018 ലേതിന് സമാനമായ രീതിയിലാണ് മഴ പെയ്യുന്നത്. മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞിട്ടുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ കോന്നി കല്ലേലി ഭാഗങ്ങളില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു.പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാല്‍, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി വരുന്നുണ്ട്.

നിലവില്‍ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ഉണ്ട്. ക്യാമ്പുകളിലേക്ക് വരുന്നതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും. കോവിഡ് പോസിറ്റീവായി വീടുകളില്‍ ഐസലേഷനുകളില്‍ ഉള്ളവരെ സിഎഫ്എല്‍ടിസികളിലും ഡിസിസികളിലും പാര്‍പ്പിക്കും.
ജില്ലയിലെ കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗ സംഘം ക്യാമ്പ് ചെയ്തുവരുന്നുണ്ട്.
മഴ ശക്തമായി തുടരുകയും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പമ്പാ സ്‌നാനം അനുവദിക്കേണ്ടെന്ന് ബഹു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം എടുത്തിട്ടുണ്ട്. എല്ലാ വകുപ്പുകളും കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. പക്ഷേ, മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കി അണക്കെട്ട് നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. നദിയിലെ ജലം കൂടി നിരീക്ഷിച്ചാണ് തീരുമാനം എടുക്കുകയെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവർ പങ്കെടുത്തു.
Recommended Video

അതേസമയം തെക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. പത്തനംതിട്ടയെ കൂടാതെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലര്‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില് കോട്ടയത്ത് മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കലിൽ ഉരുൾപ്പൊട്ടി 12 പേരെ കാണാതായാണ് റിപ്പോർട്ട്. ഇവിടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിട്ടുണ്ട്. മൂന്ന് വീടുകളും ഒലിച്ച് പോയി. ഇടുക്കിയിൽ തൊടുപുഴയിൽ കാർ ഒഴുക്കിൽ പെട്ട് പെൺകുട്ടി മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
പാലക്കാട് ജില്ലയിൽ മഴ ശക്തമാകുന്നതിനിടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകുടം അറിയിച്ചു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും നെയ്യാർ ഡാമിന്റെ 400 സെന്റീ മീറ്ററും ഉയർത്തിയിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ എന്നി ജില്ലകളിൽ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളിൽ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications