പോക്‌സോ കേസില്‍ വിചാരണ തുടങ്ങുന്നതിന്റെ തലേദിവസം പ്രതി തൂങ്ങിമരിച്ചു; 'പരാതി പച്ചക്കള്ളം'
വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് നാരായണന്‍ കുട്ടി പറയുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കി എന്നാണ് അമ്മയും പറയുന്നത്

പത്തനംതിട്ട: വ്യാഴാഴ്ച വിചാരണ തുടങ്ങാനിരിക്കെ പോക്‌സോ കേസ് പ്രതിയെ ബുധനാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശിയും 72 കാരനുമായ പുത്തന്‍വീട്ടില്‍ നാരായണന്‍കുട്ടിയെയാണ് വീടിന്റെ മുകള്‍നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് നാരായണന്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. തനിക്ക് എതിരേയുള്ള പോക്സോ പരാതി പച്ചക്കള്ളമാണ് എന്നാണ് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി അലട്ടുന്നതിനാല്‍ ഇനി ജീവിച്ചിരിക്കില്ല എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത് എന്നും കണ്ടെടുത്ത കുറിപ്പ് വിശദമായി പരിശോധിച്ച് വരികയാണ് എന്നും നാരായണന്‍ കുട്ടി വ്യക്തമാക്കി. 2021 ല്‍ ആണ് നാരായണന്‍കുട്ടിക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്ന് പിടിച്ചു എന്നായിരുന്നു ആരോപണം. 2019 ലെ തിരുവോണ നാളിലായിരുന്നു സംഭവം. ഇതില്‍ ഒന്നാം പ്രതിയായിരുന്നു നാരായണന്‍ കുട്ടി. പെണ്‍കുട്ടിയുടെ അമ്മയാണ് രണ്ടാം പ്രതി. 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയത്.
എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു എന്നും ഇതിലെ മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ ആയിരുന്നു പരാതി രജിസ്റ്റര്‍ ചെയ്തത്.
ഇവരുടെ വിവാഹമോചന ഹര്‍ജികളും കോടതിയുടെ പരിഗണനയിലിരിക്കെ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പരാതിയിലെ കാര്യങ്ങളെല്ലാം പെണ്‍കുട്ടി മൊഴിയായി നല്‍കിയിരുന്നു. ഇതോടെയാണ് പൊലീസ് പോക്സോ കേസ് രജാസ്റ്റര്‍ ചെയ്തത്.
എന്നാല്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കി എന്നാണ് അമ്മയും പറയുന്നത്. ഈ കേസില്‍ വ്യാഴാഴ്ച അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നാരായണന്‍ കുട്ടിക്ക് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചിരുന്നു. അപ്പോള്‍ മുതല്‍ നാരായണ്‍കുട്ടി അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications