ശബരിമല നട 15 ന് തുറക്കും; പ്രതിദിനം 30,000 ഭക്തർക്ക് പ്രവേശനം; രണ്ട് ഡോസ് വാക്സിൻ നിർബന്ധം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഭക്തരെ വരവേൽക്കാൻ ഒരുങ്ങി ശബരിമല. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ചൊവ്വാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അയ്യപ്പഭക്തർ കയ്യിൽ കരുതണം. ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ.

നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍
ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും.തുടർന്ന്, ശബരിമല- മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും 15ന് വൈകിട്ട് 6 മണിക്ക് നടക്കും. 16 മുതൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും.
ശേഷം, ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനുമുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേതന്ത്രി പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും.

അതിനു ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്‍റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും. പിന്നീട്, മാളികപ്പുറം ക്ഷേത്രത്തില്‍ വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കലാണ് അടുത്ത പ്രധാനപ്പെട്ട ചടങ്ങ്. പുതിയ തീർഥാടനകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് (നവംബർ 16) മുതൽ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭുനമ്പൂതിരിയും ശബരിമലയിലെയും സന്നിധാനത്തെയും പുറപ്പെടാശാന്തിമാരാകും. അതിനിടെ, ഒരു വർഷത്തെ പൂജാദികർമ്മങ്ങൾ പൂർത്തിയാക്കി നിലവിലുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരായ വി കെ ജയരാജ് പോറ്റിയും രാജകുമാർ നമ്പൂതിരിയും 15ന് രാത്രിയോടെ ശബരീശന് യാത്രാവന്ദനം നൽകി വീടുകളിലേക്ക് മടങ്ങും.

പ്രതിദിനം 30000 തീർഥാടകർക്ക് വരെ ദർശനാനുമതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തേണ്ടത് ദേവസ്വം ബോർഡും പൊലീസും അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ദർശനത്തിനെത്തുന്നവർക്ക് നിർബന്ധമാണ്.
കൂടാതെ, ഒര്‍ജിനല്‍ ആധാര്‍കാര്‍ഡും അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതണം.നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനമുണ്ടാകും.നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് സംവിധാനം
ഒരുക്കിയിട്ടുണ്ട്. ശബരിമലയുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കലാണ്. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്നാനം അനുവദിച്ചിട്ടുണ്ട്.നിലയ്ക്കല്‍,സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പഭക്തര്‍ക്കായി അന്നദാനം വിതരണം ചെയ്യും. പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാകില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങണം.

അയ്യപ്പഭക്തർ പമ്പയില്‍ നിന്ന് മലകയറേണ്ടത് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാകണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി സ്വീകരിക്കും.
അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

അതേസമയം, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെയും പമ്പയിലെയും നിലയ്ക്കലിലെയും വിവിധ പോയിൻ്റുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി ഡിജിപി അനിൽകാന്ത് അറിയിച്ചു. സുരക്ഷാചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്താണ്.
ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പൊലീസ് കോര്‍ഡിനേറ്ററാണ്. സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവർ അഡീഷണല്‍ പൊലീസ് കോര്‍ഡിനേറ്റര്‍മാരായി ശബരിമലയിലുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഓരോഘട്ടത്തിൻ്റെയും ചുമതല നൽകിയിട്ടുള്ളത്.
ഫോട്ടോസ് പൊളിച്ചു; ഒന്നും പറയാനില്ല; ദീപ്തി സതിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications