സന്ദീപ് കൊലപാതകം: വ്യക്തിവൈരാഗ്യത്തിന് പുറമേ രാഷ്ട്രീയവിരോധവുമെന്ന് റിമാൻഡ് റിപ്പോർട്ട്
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വിരോധമെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. മുഖ്യപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയവിരോധവും ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് പൊലീസിൻ്റെ എഫ്ഐആർ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപ് കുമാറിനെ ചാത്തങ്കരിക്ക് സമീപത്തെ വയലിൽ വച്ച് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഉൾപ്പെട്ട അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

സന്ദീപ്കുമാറിനെ കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വിരോധമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയവിരോധവും ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് പിന്നാൽ രാഷ്ട്രീയവിരോധമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അക്രമികളെ 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.

പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലെ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിരുന്നു.

സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന തരത്തിലുള്ള പൊലീസ് നിഗമനത്തെ തള്ളി കോടിയേരി രംഗത്ത് വന്നിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. പൊലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണ്. സിപിഎമ്മും സർക്കാരും രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുകയാണ്. ഗൂഢാലോചന നടന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications