വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പോലീസുകാരന്റെ ആത്മഹത്യാ ഭീഷണി; ടവർ ലൊക്കേഷൻ വീടിന്റെ പരിധിയിൽ, വിവാദം
പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വിവാദം. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പത്തനംതിട്ട കൊടുമൺ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.
ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്‌തതോടെ പോലീസുകാർ പരിഭ്രാന്തിലാവുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ വീട്ടിൽ തന്നെയാണ് ഉള്ളതെന്ന് കണ്ടെത്തുകയായിരുന്നു.

തനിക്ക് സ്ഥിരമായി പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തുവെന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയ സിപിഒ പറയുന്നത്. ഇതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കൊടുമൺ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആരോപിക്കുന്നു.
തനിക്കെതിരെ സ്‌റ്റേഷനിൽ ഗൂഢാലോചന നടക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ സിഐയും റൈറ്ററും ഉത്തരവാദിയെന്നാണ് പോലീസുകാരൻ പറയുന്നത്. പോലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് ലഭ്യമായ വിവരം. പോലീസ് ഉദ്യോഗസ്ഥൻമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ പോലീസ് സൂപ്രണ്ട് പ്രേത്യേക കൗൺസിലിങ് ഉൾപ്പെടെ നടത്തിയ ജില്ലയായിരുന്നു പത്തനംതിട്ട.
അതേസമയം, ജോലിഭാരം കൊണ്ടും വിശ്രമമില്ലാത്തതിനാലും പോലീസുകാരില്‍ ആത്മഹത്യപ്രവണത കൂടുന്നുവെന്ന് രണ്ട് ഐജിമാര്‍ 2021ൽ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണില്‍ ഡിജിപി പോലീസുകാര്‍ക്ക് ബോധവത്കരണ ക്ലാസുകളും മറ്റും നല്‍കാന്‍ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ മാസം മാസം മാത്രം സംസ്ഥാനത്ത് മൂന്ന് പോലീസുകാരാണ് ആത്മഹത്യ ചെയ്‌തത്. 2015 മുതല്‍ 19 വരെയുള്ള നാല് വർഷ കാലയളവിൽ സംസ്ഥാനത്ത് 51 പോലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ച കണക്ക് വ്യക്തമാക്കുന്നു. ഇതിന് ശേഷം ഇതുവരെ ഇരുപത്തിയഞ്ചോളം പോലീസുകാര്‍ കൂടി ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്.
പോലീസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാൻ കൗണ്‍സിലിങ്ങ്, യോഗ, സംഗീതം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കാലാകാലങ്ങളായി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതൊന്നും ലക്ഷ്യത്തിലെത്തുന്നില്ല എന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications