പത്തനംതിട്ടയില്‍ അട്ടിമറി ഉണ്ടാകുമോ? ഇടതിന് പ്രതീക്ഷ, ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ രംഗത്തിറക്കിയോതോടെ ശക്തമായ പ്രകടനവും ബി ജെ പി പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ബി ജെ പിക്ക് സാധിച്ചില്ലെന്നാണ് അവസാന നിമിഷത്തിലെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണയും വിജയം ഉറപ്പിച്ചാണ് യു ഡി എഫ് മുന്നേറ്റം. മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ട. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതിന് വന്‍ മേല്‍ക്കൈ പത്തനംതിട്ട നല്‍കിയെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ തങ്ങളെ കൈവിടില്ലെന്നാണ് യു ഡി എഫ് പ്രതീക്ഷ. പരമ്പരാഗത് യു ഡി എഫ് അനുകൂല മണ്ഡലം എന്നത് തന്നെയാണ് ആന്റോ ആന്റണിയുടേയും യു ഡി എഫിന്റേയും ഏറ്റവും അനുകൂലമായ ഘടകം.

എസ് ഡി പി ഐക്ക് നിർണ്ണായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഈരാറ്റുപേട്ട മേഖലയില്‍ അവർക്ക് ഇരുപതിനായിരത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. എസ് ഡി പി ഐ ഇത്തവണ പരസ്യമായി തന്നെ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സമുദൂര നിലപാടെന്ന് എന്‍ എസ് എസ് പറയുന്നുണ്ടെങ്കിലും ഇൗശ്വരവിശ്വാസമുള്ളവരെയേ പിന്തുണക്കൂ എന്ന നിലപാടും യു ഡി എഫിന് അനുകൂലമാണ്.
മറുവശത്ത് തോമസ് ഐസക്കിന്റെ വ്യക്തിബന്ധങ്ങള്‍ അടക്കം ഗുണകരമായി മാറുമെന്ന് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു. 2019 ല്‍ എന്‍ ഡി എയിലേക്ക് പോയ വോട്ടുകളില്‍ വലിയൊരു വിഹിതം ഇത്തവണ മറിയുമെന്നും ഇടതുപക്ഷ കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇടതിനൊപ്പമാണ്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവും ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. 2009ൽ 111206 വോട്ടിന്റെയും 2014ൽ 56191 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിന് 2019ൽ ഭൂരിപക്ഷം 44243 വോട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭ പരിധിയില്‍ എല്‍ ഡി എഫിന് 73647 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
ബി ജെ പി 2019ൽ നേടിയ വോട്ടിന്റെ പിൻബലം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ വോട്ടുകളെങ്കിലും നിലനിർത്താന്‍ അനില്‍ ആന്റണിക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ച് മണ്ഡലത്തിൽ അന്നു ലഭിച്ചത് 2,95,627 വോട്ടായിരുന്നു. ഫലത്തില്‍ മണ്ഡലത്തില്‍ യു ഡി എഫിന് നേരിട മേല്‍ക്കൈ ഉണ്ടെങ്കിലും ശക്തമായ മത്സരത്തിലൂടെ പത്തനംതിട്ടയില്‍ വിജയക്കൊടി പാറിക്കാമെന്ന് ഇടതുപക്ഷവും കരുതുന്നു.












Click it and Unblock the Notifications