കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കഴക്കൂട്ടത്തായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ആക്രിക്കാരന്‍ സ്ഥലം വിട്ടു.
ഭുവനചന്ദ്രന്‍ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയില്‍ സംസാരിച്ചു നില്‍ക്കുന്ന നേരത്ത് അതുവഴി പോയ ആക്രിക്കാരനുമായി ഭുവനചന്ദ്രന്‍ വാക്കുതര്‍ക്കമുണ്ടായി. വാക്ക് തർക്കം രൂക്ഷമായി. ഇതിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. ഇയാളുടെ ചവിട്ടേറ്റതിന് പിന്നാലെ ഭുവനചന്ദ്രന്‍ കുഴഞ്ഞുവീണു.

കരള്‍ രോഗത്തിന് ഓപ്പറേഷന്‍ കഴിഞ്ഞ ആളായിരുന്നു ഭുവനചന്ദ്രന്‍.വയറില്‍ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
മരണകാരണം ആന്തരീക രക്തസ്രാവം ആണ് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications