തലസ്ഥാനത്ത് കർശന പരിശോധന, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 574 പേർക്കെതിരേ കൂടി നടപടി
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 574 പേർക്കെതിരേ കൂടി നടപടിയെടുത്തു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ആണ് ഇക്കാര്യം അറിയിച്ചത്. സിആർപിസി 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
Recommended Video

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 12 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 53 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 33 പേരിൽ നിന്നു പിഴ ഈടാക്കി. 476 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു. ഇതുവരെ 9,694 പേർക്കെതിരേയാണ് നടപടി എടുത്തിരിക്കുന്നത്.

ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഒക്ടോബർ 25 വരെയുള്ള കണക്കനുസരിച്ച് 9,694 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 437 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 11 കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നിന് 80 ഉം കേസുകൾ ചാർജ് ചെയ്തു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 2,865 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 541ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് അഞ്ചും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 819ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 3,506 ഉം മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 1,188ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 69ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 19ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 151 പേർക്കെതിരേയും നടപടിയെടുത്തതായി കളക്ടർ അറിയിച്ചു.












Click it and Unblock the Notifications