'ഞാനെന്താ ബാഗില്‍ ബോംബുവെച്ചിട്ടുണ്ടോ'; അടിച്ചു ഫിറ്റായി വിമാനത്തിൽ കയറാൻ യാത്രക്കാരൻ; കുടുങ്ങി ?
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകാൻ എത്തിയ യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ തടഞ്ഞു. മദ്യ ലഹരിയിൽ എത്തിയ വെഞ്ഞാറമൂട് സ്വദേശിയെയാണ് തടഞ്ഞ് നിർത്തിയത്.
വിമാനത്താവളത്തിനുള്ളിലെ സുരക്ഷ സേനയായ സി ഐ എസ് എഫ് കമാന്‍ഡോകളുടേതായിരുന്നു നടപടി. ഞാനെന്താ ബാഗിന് ഉള്ളിൽ ബോംബ് വച്ചിരിക്കുകയാണോ എന്ന് യാത്രക്കാരൻ പരിശോധനയ്ക്കിടെ ചോദിച്ചതാണ് തടഞ്ഞ് നിർത്താൻ കാരണമായത്.

തുടർന്ന് ഇയാളെ വലിയതുറ പോലീസിന് കൈമാറി. ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ വേറിട്ട സംഭവം നടന്നത്. വെഞ്ഞാറമൂട് സ്വദേശിയായ യാത്രക്കാരൻ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു.
ശേഷം, വിമാനത്താവളത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തോട് ചെക്ക് ഇന്‍ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ബാഗിൽ എന്തൊക്കെയുണ്ടെന്ന് വിവരം ചോദിച്ചു. ഇതു പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് വെഞ്ഞാറമൂട് സ്വദേശിയായ യാത്രക്കാരൻ ജീവനക്കാരനെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിച്ചത്. ഞാനെന്താ ബാഗിനുള്ളിൽ ബോംബ് വച്ചിരിക്കുകയാണോ എന്ന ചോദ്യം ജീവനക്കാരനോട് യാത്രക്കാരൻ ചോദിച്ചു.
നാവു പിഴച്ച ഇദ്ദേഹത്തെ പിന്നീട് തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് സി ഐ എസ് എഫ് കമാന്‍ഡോകളും ബോംബ് സ്‌ക്വാഡും കൗണ്ടറിൽ എത്തി. ഈ വിവരം കൗണ്ടറിലെ ജീവനക്കാരൻ ടെർമിനൽ മാനേജറിനെയും വിളിച്ച് അറിയിച്ചു. ഇയാളുടെ ബാഗ് പരിശോധനയ്ക്ക് പിന്നീട് വിധേയമാക്കി. ബാഗ് നിറയെ നിത്യോപയോഗ വസ്തുക്കളും വസ്ത്രങ്ങളും ആണെന്ന സി ഐ എസ് എഫ് അധികൃതർ കണ്ടെത്തി.
ഇയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ശേഷം വലിയതുറ പോലീസിനെ വിവരമറിയിച്ച് യാത്രക്കാരനെ പോലീസിന് കൈമാറി. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനത്താവളത്തിനുള്ളിൽ ശക്തമായ സുരക്ഷാ പരിശോധന നടത്തി വന്നത്. ഇതിന് പിന്നാലെ ആയിരുന്നു വെഞ്ഞാറമൂട് സ്വദേശി ജീവനക്കാർക്ക് മുന്നിൽ പെടുന്നതും. ഇതോടെ ഇയാളെ യാത്രയും മുടങ്ങുകയായിരുന്നു.












Click it and Unblock the Notifications