എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ; വർക്കലയിലെ തെരുവിൽ നിന്ന് അതേ നാടിന്റെ കാവൽക്കാരിയായ ആനി ശിവയുടെ കഥ
എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ; വർക്കലയിലെ തെരുവിൽ നിന്ന് അതേ നാടിന്റെ എസ്ഐ ആയ ആനി ശിവയുടെ കഥ
തിരുവനന്തപുരം: ജീവിതം പലപ്പോഴും പോരാട്ടങ്ങളുടേതാണെന്ന് തെളിയിക്കാറുണ്ട്. അവിടെ വിജയിക്കുവാൻ അസാധരണമായ ആത്മധൈര്യവും ലക്ഷ്യബോധവും വേണം. അങ്ങനെ ജീവിത വിജയം സ്വന്തമാക്കിയ പലരെയും നമ്മൾ കണ്ടിട്ടുമുണ്ട്. ആ പേരുകളുടെ പട്ടികയിൽ ആനി ശിവ എന്ന പേരും ഇനി തിളങ്ങി നിൽക്കും. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നാണ് ആനി ശിവ തന്റെ ജീവിതം ആരംഭിക്കുന്നത് തന്നെ. ഇന്നത് ലക്ഷ്യപ്രാപ്തിയിൽ എത്തിയിരിക്കുന്നു.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

തെരുവിലേക്ക്
പതിനാല് വർഷം മുൻപ് ഭർത്താവിനാലും വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവൾ ഇന്ന് അതേ തെരുവിന്റെ സംരക്ഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥയാണ്, സബ് ഇൻസ്പെക്ടർ ആനി ശിവ. തെരുവിലേക്ക് എറിയപ്പെട്ടു എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അത് അങ്ങനെ തന്നെയായിരുന്നു. കിടക്കാനൊരിടമില്ലാതെ, വിശപ്പടക്കാൻ ആഹാരമില്ലാതെ, തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ആവതില്ലാതെ പ്രയാസപ്പെട്ട നാളുകളായിരുന്നു ആ സമയത്ത് ആനി ശിവയുടേത്.

പരാജയപ്പെട്ട ആത്മഹത്യ ശ്രമങ്ങൾ
ഇതിനിടയിൽ പലതവണ നടത്തിയ ആത്മഹത്യ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ജീവിച്ച് തീർക്കാൻ തന്നെയാണ് വിധിയെന്ന് അവൾ കരുതിയിട്ടുണ്ടാകണം. പേരാടനുറച്ച മനസുമായിട്ടായിരുന്നു ഉയിർത്തെഴുന്നേൽപ്പ്. നിരന്തരമായ പോരാട്ടങ്ങൾ, പരിശ്രമങ്ങൾ, കഷ്ടപാടുകൾ എല്ലാം തരണം ചെയ്ത് തലയുയർത്തി നിൽക്കുമ്പോൾ പിന്നിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്നാൽ ഇവിടെ വരെയെത്തിച്ച ദിനങ്ങൾ ഇപ്പോഴും വ്യക്തമായി കാണാം ആനി ശിവയ്ക്ക്.

ചായ്പ്പിൽ നിന്ന് തുടക്കം
കാഞ്ഞിരംകുളം കെഎൻഎം ഗവ. കോളെജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആനിയുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കൂട്ടുകാരനുമൊപ്പം ജീവിക്കാൻ തുനിഞ്ഞിറങ്ങിയ ആനിക്ക് എന്നാൽ ആ ജീവിതം അധിക നാൾ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോഴേക്കും പങ്കാളിയുമായി പിരിയേണ്ടി വരുന്നു. വീട്ടിലേക്ക് മടങ്ങിയ ആനിക്ക് എന്നാൽ ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ തടസം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പിലായി പിന്നീട് താമസം.

ജീവിക്കാൻ പലവഴി
ജീവിക്കാൻ അത് മാത്രം പോരായിരുന്നു ആനിക്ക്. സമ്പാദിച്ച് തുടങ്ങണം. അതിന് പല വഴികളും ആനി തന്നെ കണ്ടെത്തി. കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവ പറമ്പുകളിൽ നാരങ്ങവെള്ളം വിറ്റു. അങ്ങനെ വിവിധ വഴികളിൽ ആനി വരുമാനം കണ്ടെത്തി. ഇതിനിടയിൽ പല തവണ കൈകുഞ്ഞുമായി താമസം മാറേണ്ടിയും വന്നു.

വഴിതിരിവായി സുഹൃത്ത്
സൂഹൃത്തിന്റെ പ്രേരണയിൽ 2014ലാണ് വനിതകളുടെ എസ്ഐ ടെസ്റ്റ് എഴുതാൻ ആനി ശിവ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.

ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ
''എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു.'' ആനി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

ആനി നൽകുന്ന മാതൃക
മോശം സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള പ്രേരണ മാത്രമല്ല മാതൃകകൂടിയാണ് ആനി ശിവ. ജീവിതം മുന്നോട്ടവെക്കുന്ന ഓരോ പ്രതിസന്ധികളും മറികടക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് അവൾ. അതിന് വേണ്ടത് കഠിനാദ്ധ്വാനവും ആത്മധൈര്യവും ലക്ഷ്യബോധവുമാണെന്ന് അടിവരയിടുകയും ചെയ്യുന്നു.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications