ഓട്ടോ ഡ്രൈവറും ഭാര്യയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ: മരണവിവരം അറിഞ്ഞത് മകൻ വീട്ടിലെത്തിയപ്പോൾ!
നെടുമങ്ങാട്: ഓട്ടോ ഡ്രൈവറെയും ഭാര്യയെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂര് മൊട്ടൽമുട് കൃഷ്ണ ഭവനിൽ സജികുമാർ (42), ഭാര്യ ബിന്ദു (35) എന്നിവരാണ് മരിച്ചത്. അടുക്കളയിൽ ബിന്ദുവിന്റെയും സ്റ്റോർ റൂമിൽ സജിയുടെയും മൃതദേഹം ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു. മുൻ വശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം അടുക്കള വാതിൽ അകത്ത് കുറ്റിയിട്ടിരിക്കുകയായിരുന്നു. ബന്ധുവീട്ടിൽ പോയിരുന്ന പതിമൂന്ന് വയസുള്ള മകൻ ഉച്ചയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. നാളെ സജിയുടെ അച്ഛന്റെ ആണ്ടുബലിയാണ്.
രാവിലെ മകനെ പനച്ചമൂട് താമസിക്കുന്ന അനുജന്റെ വീട്ടിലും മകളെ അയൽവീട്ടിലും പറഞ്ഞു വിട്ടിരുന്നു. ഏഴു വയസുള്ള മകളെ മകൻ വന്നു വിളിക്കുമ്പോൾ ഒപ്പം അയച്ചാൽ മതിയെന്ന് ടൂഷൻ എടുക്കുന്ന വീട്ടിൽ ബിന്ദു അറിയിച്ചിരുന്നു. കടബാദ്ധ്യതയിൽ മനം നൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. ഓട്ടോ ഓടുന്നതിനൊപ്പം വസ്തു വിൽപ്പന ഇടപാടുകളും സജികുമാർ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ബാധ്യത തീർക്കാൻ സജികുമാറിന്റെ പേർക്കുള്ള അഞ്ച് സെന്റ് സ്ഥലം വിറ്റ ശേഷമാണ് മൊട്ടൽമൂട്ടിൽ വീട് വാടകയ്‌ക്കെടുത്തത്. ബിന്ദു വട്ടിയൂർക്കാവിനടുത്ത് അറപ്പുരയിലെ നിർദ്ധന കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ ഇളയ സഹോദരിയാണ്. കരിപ്പൂര് ഗവൺമെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഖിലും (13) മൂന്നാം ക്ളാസു വിദ്യാർത്ഥി അമയയും (7) മക്കളാണ്.നെടുമങ്ങാട് പൊലീസ് ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി. ഇന്ന് ശാന്തികവാടത്തിൽ സംസ്കരിക്കും.












Click it and Unblock the Notifications