തിരുവനന്തപുരത്ത് യുവാവിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി, കാല്‍ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു
പോത്തന്‍കോട്: തിരുവനന്തപുരത്ത് യുവാവിനെ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ടാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ കാല്‍ ഇവര്‍ വെട്ടിയെടുത്തു. ഈ കാല്‍ പാദവുമെടുത്ത് ഗുണ്ടാസംഘം ആര്‍പ്പുവിളികളോടെ ബൈക്കില്‍ കറങ്ങി. അഞ്ഞൂറ് മീറ്റര്‍ അപ്പുറത്താണ് ഈ കാല്‍ ഗുണ്ടാസംഘം വലിച്ചെറിഞ്ഞത്. ചെമ്പകമംഗലം പന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് ക്രൂരമായി വെടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധീഷിന് 32 വയസ്സുണ്ടായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ദാരുണസംഭവമുണ്ടായത്.

പോത്തകോട്ടെ ബന്ധുവീട്ടില്‍ കയറിയാണ് പതിനഞ്ച് പേര്‍ വരുന്ന ഗുണ്ടാസംഘം സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോയിലും ബൈക്കിലുമായി എത്തിയ പത്തംഗ സംഘമാണ് ഇയാളുടെ കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിന് അകത്തിട്ട് വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടുകൊണ്ട പാടുകളായിരുന്നു. സുധീഷിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെട്ടേറ്റ വീണ ശേഷമാണ് സുധീഷിന്റെ കാല്‍ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മുറിഞ്ഞുപോയ കാലുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പോവുന്ന വഴിക്ക് റോഡിലേക്ക് എറിയുകയായിരുന്നു.
ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച്ച മുമ്പ് നടന്ന അക്രമ സംഭവത്തിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഇയാള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഗുണ്ടാസംഘം ഇയാളെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ബൈക്കിലും ഓട്ടോറിക്ഷയിലുമായിട്ടെല്ലാമായിരുന്നു ഗുണ്ടാസംഘത്തിന്റെ വരവ്. വീടിന് അടുത്ത് തന്നെയുള്ള വാഴത്തോട്ടത്തിലായിരുന്നു സുധീഷ് നിന്നിരുന്നത്. ഇയാള്‍ക്ക് നേരെ ആദ്യം നാടന്‍ പടക്കമെറിയുകയായിരുന്നു. വാളും മഴുവും വെട്ടുക്കത്തിയുമടക്കമുള്ള ആയുധങ്ങളുമായിട്ടാണ് പ്രതികള്‍ എത്തിയത്. ഇവരെ കണ്ട് സുധീഷ് ഭയന്നോടി. ബന്ധു കൂടിയായ സജീവിന്റെ ഒഴിഞ്ഞുകിടന്ന വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കുകയായിരുന്നു.
സുധീഷിനെ കണ്ടെത്താന്‍ കഴിയാതിരുന്ന സംഘം സമീപമുള്ള വീടുകളില്‍ കയറി സ്ത്രീകളുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് സജീവിന്റെ വീട്ടിലേക്ക് സംഘമെത്തിയത്. ഇയാളുടെ വീടിന്റെ വാതില്‍ പൊളിച്ച് അക്രമി സംഘം കടക്കുകയും സുധീഷിന്റെ കൈയ്യും കാലുകളും വെട്ടിയെടുക്കുകയുമായിരുന്നു. അരമണിക്കൂറോളം സംഘം ഇവിടെ ഭീതി പരത്തി. കല്ലൂര്‍ ജംഗ്ഷനിലാണ് വെട്ടിയെടുത്ത കാല്‍പ്പാദം വലിച്ചെറിഞ്ഞത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രയിലേക്ക് പോകുന്നതിനിടെ സുധീഷ് പോലീസിനെ അറിയിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. നൂറിലേറെ വെട്ടുകള്‍ സുധീഷിന്റെ ശരീരത്തിലുണ്ട്. പോലീസ് മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications