62 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: 62 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം തിരുവനന്തപുരത്ത് പിടിയിൽ. തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് അഞ്ച് യുവാക്കളെയും അറസ്റ്റ് ചെയ്തത്. ഇവർ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കാറും പൊലീസ് സംഘം പിടികൂടി. തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ചിറയിന്‍കീഴ്, കിഴുവിലം വില്ലേജില്‍ മുടപുരം എന്‍.ഇ.എസ്സ് ബ്ലോക്കില്‍ അക്ഷരം വീട്ടില്‍ സജീവ് മുന്ന (28), കിഴുവിലം വില്ലേജില്‍ മുടപുരം, ഡീസന്റ്മുക്കില്‍ തൗഫീഖ് മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന മുബാറക് (28), കിഴുവിലം വില്ലേജില്‍ മുടപുരം ഡീസന്റ് മുക്ക് കാട്ടില്‍ വിളവീട്ടില്‍ നിയാസ്സ് ( 24), കിഴുവിലം വില്ലേജില്‍, മുടപുരം ഡീസന്റ് മുക്ക് കൊല്ലം വിളാകത്ത് വീട്ടില്‍ ഗോകുല്‍ എന്ന കണ്ണന്‍ (23), കടകംപള്ളി വില്ലേജില്‍ കരിക്കകം, വെട്ടുകാട് ചര്‍ച്ചിന് സമീപം സീ പാലസില്‍ അഖില്‍ ഫെര്‍ണാണ്ടസ് (23) എന്നിവരാണ് പിടിയിലായത്.
എന്താ ഒരു ക്യൂട്ട്‌നെസ്: സൈമ അവാര്‍ഡില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍

ലഹരി മാഫിയ സംഘത്തിനിടയില്‍ 'എം' എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എം.ഡി.എം.എ ക്രിസ്റ്റല്‍ രൂപത്തിലുള്ള മാരകമായ സിന്തറ്റിക് ലഹരി പദാര്‍ത്ഥമാണ്. ബാംഗ്ലൂരില്‍ നിന്നാണ് കൂടുതലായി ഈ ലഹരി വസ്തു കേരളത്തിലേക്ക് എത്തിക്കുന്നത്. ഉപരി പഠനത്തിനും, ജോലിക്കുമെന്ന പേരില്‍ ബാംഗ്ലൂരില്‍ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് ലഹരിമാഫിയ കേരളത്തിലേക്ക് ഇത്തരം ലഹരി വസ്തുക്കള്‍ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസ്സുകളിലെയും, കഞ്ചാവ് കടത്ത് കേസ്സുകളിലേയും പ്രതികളാണ് ഇപ്പോള്‍ പിടിയിലായവര്‍. ഇവര്‍ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിൻ്റെ നിര്‍ദ്ദേശപ്രകാരം അഡി: എസ്.പി ഇ.എസ്സ് ബിജുമോന്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബു, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി വി.എസ്. ദിനരാജ് എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ അതിശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

പ്രതികൾ ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മാസവാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗ്ഗമാണ് ലഹരി വസ്തുക്കള്‍ ഇവര്‍ കൊണ്ടുവന്നത്. ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

ലഹരിമാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരവും മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു പറഞ്ഞു. സ്‌കൂള്‍ പി.ടി.എ, സാമൂഹ്യ സംഘടനകള്‍, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് നടപടികൾ സ്വീകരിച്ചു വരുന്നതായി അദ്ദേഹം അറിയിച്ചു.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ഊർജിതമാക്കിയതായും ലഹരിക്കെതിരായ ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ചിറയിന്‍കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ്, ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി.മിഥുന്‍, ചിറയിന്‍കീഴ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.എസ്സ്.വിനീഷ്, എ.എസ്സ്.ഐ സിനിലാല്‍, ഷജീര്‍ എസ്സ്.സി.പി.ഒ മാരായ ഹാഷിം, സന്തോഷ്, തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഫിറോസ്ഖാന്‍, എ.എസ്സ്.ഐ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ സി.പിഒ മാരായ ഷിജു, സുനില്‍രാജ് എന്നിവരുടെ സംഘമാണ് സിന്തറ്റിക് ഡ്രഗ്‌സും കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പിടികൂടിയത്












Click it and Unblock the Notifications