സിംഹങ്ങള്‍ എത്തുംമുമ്പേ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; മൃഗശാല ജീവനക്കാര്‍ തിരയുന്നു
തിരുവനന്തപുരം: മൃഗശാലയില്‍ കഴിഞ്ഞ ദിവസം എത്തിച്ച ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. വൈകീട്ടാണ് സംഭവം. നന്തന്‍കോട് ഭാഗത്തേക്കാണ് പോയതെന്ന് മൃഗശാല ജീവനക്കാര്‍ പറയുന്നു. അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂട്ടിലേക്ക് തുറന്നുവിടുന്ന വേളയിലാണ് ചാടിപ്പോയത്. മരങ്ങള്‍ക്ക് മുകളിലേക്ക് ടോര്‍ച്ചടിച്ച് ജീവനക്കാര്‍ തിരച്ചില്‍ നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മൃഗശാലയുടെ മതില്‍ ചാടി വീടുകളും മരങ്ങളുമുള്ള ഭാഗത്തേക്കാണ് കുരങ്ങ് പോയത്. അക്രമ സ്വാഭാവമുള്ള കുരങ്ങായതിനാല്‍ ആശങ്ക നിലനില്‍ക്കുകയാണ്. മൃഗശാല ജീവനക്കാര്‍ രാത്രിയും പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. മരത്തിന് മുകളിലുണ്ടാകുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്. ഇനി എന്താണ് പോംവഴി എന്ന ചോദ്യത്തിന് ജീവനക്കാര്‍ക്ക് കൃത്യമായ ഉത്തരമില്ല.

ഹനുമാന്‍ കുരങ്ങ് (പ്രതീകാത്മക ചിത്രം)
തിരുപ്പതിയിലെ മൃഗശാലയില്‍ നിന്ന് അടുത്തിടെ കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങാണ് രക്ഷപ്പെട്ടത്. രണ്ട് സിംഹങ്ങളെ കൂടി തിരുപ്പതിയില്‍ നിന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. ഹനുമാന്‍ കുരങ്ങിനെ വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കുംവിധം പദ്ധതി തയ്യാറാക്കിയിരുന്നു. അതിനിടെയാണ് ചാടിപ്പോയത്. ഈ സാഹചര്യത്തില്‍ സിംഹങ്ങളെ കൊണ്ടുവരുന്നത് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.
ഹനുമാന്‍ കുരങ്ങ് അക്രമ സ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഭീതിയിലാണ്. ജാഗ്രത പാലിക്കാന്‍ പ്രദേശവാസികള്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി. തെങ്ങിന്റെ മുകളില്‍ കയറുന്നത് കണ്ടു, വീടിന്റെ ഭാഗത്തേക്ക് ചാടി... തുടങ്ങി പല പ്രതികരണങ്ങളും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ട്. എല്ലായിടത്തും തിരച്ചില്‍ നടത്തുകയാണ് ജീവനക്കാര്‍.












Click it and Unblock the Notifications