ചുമട്ടുതൊഴിലാളികളുടെ പിടിവാശി; തറയോട് പാക്കറ്റുകള്‍ ഒറ്റക്ക് ലോറിയില്‍ നിന്നിറക്കി വീട്ടമ്മ
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ പിടിവാശി മൂലം വീട് പണിക്കായി കൊണ്ടുവന്ന തറയോട് പാക്കറ്റുകള്‍ ഒറ്റക്ക് ലോറിയില്‍ നിന്ന് ഇറക്കി വീട്ടമ്മ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. പൗഡിക്കോണം പാണന്‍വിളയ്ക്ക് അടുത്ത് പുത്തന്‍വിള ബഥേല്‍ ഭവനില്‍ ദിവ്യയാണ് തറയോട് പാക്കറ്റുകള്‍ ലോറിയില്‍ നിന്ന് ഇറക്കിയത്.
ദിവ്യയുടെ വീട് പണി ആവശ്യത്തിനായി സഹോദരന്‍ ബിനുവും അദ്ദേഹത്തിന്റെ ഭാര്യ രജനിയുമാണ് തറയോട് പാക്കറ്റുകള്‍ മിനിലോറിയിലാക്കി എത്തിച്ചത്. ഇരുവരും ചേര്‍ന്ന് ലോഡ് ഇറക്കാന്‍ തുടങ്ങവെ ആണ് ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ച പത്തരയോടെയാണ് മിനിലോറി ദിവ്യയുടെ വീട്ട് വളപ്പില്‍ എത്തിയത്.

മിനി ലോറിയില്‍ നിന്ന് ബിനു ഏതാനും പാക്കറ്റുകള്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെ ആണ് വിവിധ യൂണിയനുകളില്‍പ്പെട്ട, യൂണിഫോം ധരിച്ച പത്തോളം ചുമട്ടുതൊഴിലാളികള്‍ ലോഡിറക്കാനായി അവിടേക്ക് വന്നത്. എന്നാല്‍ അവര്‍ക്ക് കൂലി നല്‍കാന്‍ തങ്ങളുടെ കൈയില്‍ കാശില്ല എന്ന് ബിനുവും രജനിയും പറഞ്ഞെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ 500 രൂപ കൊടുത്ത് ഇവരെ പറഞ്ഞുവിടാന്‍ ബിനു ശ്രമിച്ചു, എന്നാല്‍ തൊഴിലാളികള്‍ ഇത് വാങ്ങിയില്ല. ആവശ്യമെങ്കില്‍ വീട്ടുടമയെ ലോഡ് ഇറക്കാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ അതിന് സഹായിക്കരുത് എന്നും ചുമട്ടുതൊഴിലാളികള്‍ ശാഠ്യം പിടിച്ചു. തങ്ങള്‍ വീട്ടുടമയുടെ സഹോദരനും ഭാര്യയും ആണ് എന്ന് പറഞ്ഞെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.

ഒടുവില്‍ 12 മണിയോടെ ദിവ്യ സ്ഥലത്തെത്തി. വിവരമറിഞ്ഞ് ദിവ്യ തന്നെ തറയോട് പാക്കറ്റുകള്‍ മിനി ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്നു. നാല് വീതം തറയോടുകളുള്ള 60 ഓളം പാക്കറ്റുകളാണ് മിനി ലോറിയില്‍ നിന്ന് ദിവ്യ ഒറ്റക്ക് ഇറക്കിയത്. ദിവ്യയെ ആരും സഹായിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ലോഡ് മുഴുവന്‍ ഇറക്കി കഴിഞ്ഞതിന് ശേഷമാണ് ചുമട്ടുതൊഴിലാളികള്‍ അവിടെ നിന്ന് പോയത്.

ഒന്നരയോടെ ആണ് ദിവ്യ തറയോട് പാക്കറ്റുകള്‍ ഇറക്കിയത്. തിരുവനന്തപുരം നഗരസഭയുടെ സഹായം കൂടി ഉപയോഗിച്ചാണ് ദിവ്യ വീട് പണിയുന്നത്. വീട് പണി തുടങ്ങിയിട്ട് നാല് കൊല്ലമായി. സാമ്പത്തിക പ്രയാസം കാരണമാണ് വീട് പണി പൂര്‍ത്തിയാക്കാനാകാത്തത്. ഭര്‍ത്താവ് മരണപ്പെട്ട ദിവ്യ കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.












Click it and Unblock the Notifications