നേമം ആർക്കൊപ്പം? കണക്കുകൾ പറയുന്നത് ഇങ്ങനെ.. ആശങ്കകളും വെല്ലുവിളികളും
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നേമം. 2016 ൽ ഏവരേയും ഞെട്ടിച്ച് കൊണ്ടാണ് ബിജെപി ഇവിടെ അട്ടിമറി വിജയം കൊയ്തത്. 2021 ലും മണ്ഡലം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി. അതേസമയം മുൻപ് അഞ്ച് തവണ വിജയിച്ച മണ്ഡലത്തിൽ നഷ്ടപ്രതാപം തിരിച്ച് പിടിച്ച് 'കൈ'ഉറപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കെ മുരളീധരനിലൂടെ ഇത് കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
എന്നാൽ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലത്തിൽ ഇക്കുറി തങ്ങൾക്ക് തന്നെയാകും വിജയമെന്ന പ്രതീക്ഷയാണ് സിപിഎം പുലർത്തുന്നത്.അതേസമയം മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ കണക്കുകൾ ആർക്ക് അനുകൂലമാണെന്ന് പരിശോധിക്കാം

നേമം മണ്ഡലം
തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള 21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം നിയോജക മണ്ഡലം. മണ്ഡല ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇടതിനേയും വലതിനേയും പിന്തുണച്ച പാരമ്പര്യം നേമത്തിന് ഉണ്ട്. 1957 ൽ സിപിഐയായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. 60 ൽ പിഎസ്പിയ്പ്പിക്കായിരുന്നു വിജയം.

82 ൽ കെ കരുണാകരൻ
എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎമ്മായിരുന്നു മണ്ഡലം പിടിച്ചെടുത്തത്. 70 ൽ വീണ്ടും പിഎസ്പി ജയിച്ചത്. 1977 ലാണ് ആദ്യാമായി മണ്ഡലം കോൺഗ്രസ് പിടിക്കുന്നത്. അന്ന് എസ് ദേവരാജൻ 32063 വോട്ടുകൾക്ക് മണ്ഡലത്തിൽ വിജയിച്ചു. തുടർന്ന് 82 വരെ കോൺഗ്രസ് ആയിരുന്നു മണ്ഡലത്തിൽ ജയിച്ചത്. 82 ൽ കെ കരുണാകരനായിരുന്നു നേമത്ത് ജയിച്ചത്.

മൂന്ന് തിരഞ്ഞെടുപ്പിലും
തുടർന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ സിപിഎം നേമത്ത് ജയിച്ചു. 2001 ല്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. 2011 ലാണ് മണ്ഡലം രാഷ്ട്രീയ അട്ടിമറിക്ക് ആദ്യമായി സാക്ഷ്യം വഹിക്കുന്നത്. അന്ന് അത്രയും കാലം രണ്ടാം സ്ഥാനത്ത് ആയിരുന്ന യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി രണ്ടാം സ്ഥാനം കൈയ്യടക്കി.ഒ രാജഗോപാലിലൂടെയായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം.

താമര വിരിഞ്ഞു
2016 ൽ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് നേമത്തിലൂടെ കേരളത്തിൽ ആദ്യമായി താമരവിരിഞ്ഞു. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഒ രാജഗോപാൽ ബിജെപിക്ക് വേണ്ടി മണ്ഡലം പിടിച്ചത്. ഇത്തവണ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം പിടിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

ഭൂരിപക്ഷ വിഭാഗം
അതിന് കാരണവുമുണ്ട്. ആകെ വോട്ടർമാരിൽ 60 ശതമാനത്തിൽ കൂടുതൽ ഭൂരിപക്ഷ വിഭാഗമുള്ള മണ്ഡലമാണ് നേമം. ഇവിടെ 2016 ന് ശേഷം നടന്ന ലോക്സ, തദ്ദേശ കണക്കുകളെല്ലാം എൻഡിഎയ്ക്കൊപ്പമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കൂറ്റൻ മുന്നേറ്റത്തിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നുവെങ്കിലും നേമത്ത് മാത്രം ബിജെപിക്കായിരുന്നു മുൻതൂക്കം.

തദ്ദേശ കണക്കുകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ നേമം മണ്ഡലത്തിലെ 21 വാർഡുകളിൽ 11 ഇടത്തും ബിജെപിയായിരുന്നു വിജയിച്ചിരുന്നത്.എൽഡിഎഫിന് എട്ട് വാർഡുകൾ ലഭിച്ചപ്പോൾ യുഡിഎഫ് രണ്ട് വാർഡിലേക്ക് ചരുങ്ങുന്നതായിരുന്നു കാഴ്ച. അതുകൊണ്ട് തന്നെ കടുത്ത ആത്മവിശ്വാസം ഇവിടെ ബിജെപിക്കുണ്ട്.

കെ മുരളീധരനിലൂടെ
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഒരിക്കൽ കരുണാകരൻ ജയിച്ച മണ്ഡലത്തിൽ കെ മുരളീധരൻ അട്ടിമറി നേട്ടം കൊയ്യും എന്ന പ്രതീക്ഷയിലാണ്. 22011 ലും 16 ലും ഘടകക്ഷി മത്സരിച്ചതാണ് മണ്ഡത്തിൽ യുഡിഎഫിന് തിരിച്ചടിയായതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

കുമ്മനത്തെ പരാജയപ്പെടുത്തി
2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും കെ മുരളീധരനുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ മണ്ഡലത്തിൽ ആഞ്ഞ് പിടിച്ചാൽ വിജയം നേടാമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. അതേസമയം പാർട്ടിയുടെ ബൂത്ത് കമ്മിറ്റികൾ പോലും സജീവമല്ലാത്ത മണ്ഡലത്തിൽ വിജയം അത്ര എളുപ്പമാകുമോയെന്ന ചോദ്യവും ശക്തമാണ്.

എൽഡിഎഫ് പ്രതീക്ഷ
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയോട് കടുത്ത മത്സരം കാഴ്ച വെച്ച മണ്ഡലത്തിൽ എൽഡിഎഫും ആത്മവിശ്വാസം ഉയർന്ന നിലയിലാണ്. ആകെ വോട്ട് കണക്കില്‍ ബിജെപി മുന്നിലാണെങ്കിലും മേല്‍ക്കൈ കുറക്കാനായെന്നത് എൽഡിഎഫിന് ആശ്വാസമാണ്. എല്‍ഡിഎഫിന് 43402 വോട്ടുകളും ബിജെപിക്ക് 45606 വോട്ടുകളുമായിരുന്നു ലഭിച്ചത്. ലീഡ് വ്യത്യാസം 2204 മാത്രം. ഈ വോട്ട് വ്യത്യാസം നിയമസഭ തിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ കഴിയുമെന്ന് എൽഡിഎഫ് അവകാശപ്പെടുന്നുണ്ട്.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications