നാണംകെട്ട് കേരള പോലീസ്; മരിച്ചയാളുടെ ഫോണ്‍ മോഷ്ടിച്ചു, എസ്‌ഐ കുടുങ്ങി... സംഭവം ഇങ്ങനെ
തിരുവനന്തപുരം: മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ കുടുങ്ങിയത് എസ്‌ഐ. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതോടെ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ സ്റ്റേഷനിലെ എസ്‌ഐ ജ്യോതി സുധാകറിനെതിരെയാണ് നടപടി. നേരത്തെ തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്നു. ഈ വേളയിലാണ് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തിയത്.
കേരള പോലീസിന് നാണക്കേടുണ്ടാക്കുന്നതാണ് സംഭവം. നേരത്തെ പ്രതികളില്‍ തൊണ്ടി മുതലായി പിടിച്ച ലഹരി വസ്തുക്കള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നാം വാരത്തില്‍ കണിയാപുരം റെയില്‍വെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെരുമാതുറ സ്വദേശിയായ യുവാവാണ് മരിച്ചത്. മംഗലപുരം എസ്‌ഐ ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ഘട്ടത്തിലാണ് എസ്‌ഐ മൊബൈല്‍ കൈവശപ്പെടുത്തിയതെന്ന് കരുതുന്നു.

മരിച്ചയാളുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെയാണ് ചിത്രം മാറുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യുവാവിന്റെ ഫോണ്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ഇതും സംശയത്തിന് ഇടയാക്കി. മൊബൈല്‍ എവിടെ പോയി എന്നറിയാന്‍ വിശദമായ അന്വേണഷം നടന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഫോണിന്റെ ഇഎംഇഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിച്ചു. ഇതിനിടെ ജ്യോതി സുധാകര്‍ ചാത്തന്നൂരിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. ഔദ്യോഗിക സിം കാര്‍ഡ് ഈ ഫോണില്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എസ്‌ഐയുടെ കൈവശമുണ്ടെന്ന് തെളിഞ്ഞതോടെ ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍ ഹാജരാക്കി. അതോടെ എല്ലാം അവസാനിക്കുമെന്നാണ് എസ്‌ഐ കരുതിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഷയം വലിയ ചര്‍ച്ചയായി. തുടര്‍ന്ന് ജ്യോതി സുധാകറില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. നിജസ്ഥിതി മനസിലായതിനെ തുടര്‍ന്നാണ് ജ്യോതി സുധാകറിനെ സസ്‌പെന്റ് ചെയ്തത്.

തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റ് പണമുണ്ടാക്കാന്‍ നോക്കിയ പോലീസുകാരുടെ നടപടി അടുത്തിടെ വാര്‍ത്തയായിരുന്നു. മലപ്പുറം കോട്ടയ്ക്കല്‍ സ്‌റ്റേഷനിലെ പോലീസുകാരാണ് തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്. എഎസ്‌ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി ചെറിയാന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു.

കോടതി നശിപ്പിക്കാന്‍ നിര്‍ദേശിച്ച ലഹരി വസ്തുക്കളാണ് പോലീസ് ഓഫീസര്‍മാര്‍ മറിച്ചുവിറ്റ് പണമുണ്ടാക്കാന്‍ നോക്കിയത്. ലഹരി പിടിച്ചെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പ്രതികളുമായി ബന്ധമുള്ളവര്‍ക്ക് തന്നെയാണ് ഇവ മറിച്ചുവില്‍ക്കാന്‍ പോലീസുകാര്‍ ശ്രമിച്ചത്. തുടര്‍ന്ന് ജോലി ചെയ്യുന്ന സ്‌റ്റേഷനില്‍ വച്ച് തന്നെ ഇരു ഓഫീസര്‍മാരെയും അറസ്റ്റ് ചെയ്തു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ജൂണിലാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ലഹരി വസ്തുക്കള്‍ കോട്ടക്കല്‍ പോലീസ് പിടിച്ചെടുത്തത്. 1600 പാക്കറ്റ് ഹാന്‍സുണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നാണ് ഇവ കേരളത്തിലെത്തിച്ചത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി കഴിഞ്ഞ മാസം നിര്‍ദേശിച്ചു. ലഹരി വസ്തുക്കള്‍ നശിപ്പിക്കാനും ഉത്തരവിട്ടു. എന്നാല്‍ ഇത് നശിപ്പിക്കാതെ മറിച്ചുവില്‍ക്കുകയായിരുന്നു പോലീസ് ഓഫീസര്‍മാര്‍. രഹസ്യവിവരം ലഭിച്ചതോടെ ഇരുവരെയും നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications