മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റിയുടെ മര്‍ദ്ദനം; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൂട്ടിരിപ്പുകാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവര്‍ അറസ്റ്റിലായി. മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പിന് വന്ന ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം.

അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ചിറയിന്‍കീഴ് കീഴ്വിലും സ്വദേശി അരുണ്‍ദേവിനാണ് (28) മര്‍ദ്ദനമേറ്റത്. തര്‍ക്കത്തിനൊടുവില്‍ അരുണിനെ പിടിച്ച് വലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മര്‍ദ്ദനദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
പഴയ മോര്‍ച്ചറിക്ക് എതിര്‍വശം 17, 18, 19 വാര്‍ഡുകളിലേക്കുള്ള പ്രവേശന ഗേറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 17- ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മക്ക് 2 ദിവസമായി അരുണ്‍ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്.
പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അസഭ്യം വിളിച്ചു. ഒടുവില്‍ സി ഐ ഇടപെട്ട് രക്ഷിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊതു പ്രവര്‍ത്തകനായ ജോസ് വൈ ദാസും പരാതി നല്‍കി.












Click it and Unblock the Notifications