രാഹുല്‍ വന്നിട്ടും നേമം സേഫല്ല, മുരളീധരന്‍ മൂന്നാമത്? 54000 വോട്ട് കോണ്‍ഗ്രസിന് ടഫ് ടാസ്‌ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് കൈവിട്ടൊരു കളിയാണ് നേമത്ത് കളിച്ചത്. അത് ബിജെപിയെ ഞെട്ടിക്കാനുള്ള വമ്പനൊരു തീരുമാനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ സന്നാഹം വന്നിട്ടും നേമത്ത് ട്രെന്‍ഡ് പൂര്‍ണമായും അനുകൂലമാക്കാനായിട്ടില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. ബിജെപി സ്വാധീനമുള്ള മേഖലയില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് എപ്പോഴും പിന്നിലാവുന്നു എന്ന ട്രെന്‍ഡ് നേമത്ത് ഇത്തവണയും ആവര്‍ത്തിക്കാനാണ് സാധ്യത. വി ശിവന്‍കുട്ടി മൂന്നാമത് വരുമെന്ന പ്രവചനമൊക്കെ തീര്‍ത്തും ബാലിശവും. കണക്കുകളില്‍ കോണ്‍ഗ്രസിന് കടുത്ത ആശങ്കയുണ്ട്.

നേമത്തെ കണക്കുകള്‍
നേമത്ത് വി സുരേന്ദ്രന്‍ പിള്ളയെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേമം പിടിക്കാനായി ഇറങ്ങിയത്. നാണക്കേടായിരുന്നു ഫലം. ആകെ കിട്ടിയത് 13860 വോട്ടുകള്‍. മൂന്നാം സ്ഥാനത്തേക്ക് വീണു. രാജഗോപാല്‍ നേടിയത് 67813 വോട്ടുകള്‍. ശിവന്‍ കുട്ടിയാണെങ്കില്‍ 59142 വോട്ടുകള്‍. ശിവന്‍കുട്ടിയുടെ രണ്ടാം സ്ഥാനം പിടിക്കണമെങ്കില്‍ തന്നെ മുരളീധരന് 45000 വോട്ടുകള്‍ വേണ്ടി വരും. ഇത് മറിക്കുക ഏത് മണ്ഡലത്തിലായാലും അസാധ്യമാണ്. കോണ്‍ഗ്രസിന് അനുകൂലമായി അതിശക്തമായ തരംഗം ഉണ്ടെങ്കില്‍ മാത്രമേ ഇതിന് സാധ്യതയുള്ളൂ.

വോട്ടുകള്‍ രണ്ട് തട്ടില്‍
കോണ്‍ഗ്രസ് വോട്ടുകള്‍ എന്ന് പറയുന്നത് ദുര്‍ബലമായി പോയ ഇടമാണ് നേമം. ഇപ്പോള്‍ ബിജെപി വോട്ടുകളും സിപിഎം വോട്ടുകളുമാണ് ഇവിടെയുള്ളത്. രാജഗോപാലിന് കിട്ടിയ വോട്ട് ഇത്തവണയും ഉറപ്പിക്കുന്നുണ്ട് ബിജെപി. 53000 വോട്ടെങ്കിലും കോണ്‍ഗ്രസിന് ബിജെപിയെ വീഴ്ത്താനായി ആവശ്യമാണ്. അരലക്ഷം വോട്ടിലധികം നേടി അട്ടിമറി എന്നത് ഒരു വോട്ടെടുപ്പിലും സാധ്യമായ കാര്യമല്ല. കാരണം അവസാന നിമിഷമാണ് കോണ്‍ഗ്രസ് മുരളീധരനെ ഇവിടെ ഇറക്കിയത്. അത്രയും സമയം കൊണ്ട് ഇത്രയും വോട്ടുകള്‍ സമാഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് പോലും സാധ്യമല്ല.

സംഘടന തീര്‍ത്തും ദുര്‍ബലം
കോണ്‍ഗ്രസിന്റെ സംഘടന ഏറ്റവും ദുര്‍ബലമാണ് നേമത്ത്. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മോശം സംഘടനാ സംവിധാനമാണ് ഉള്ളത്. കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് രാഹുല്‍ ഗാന്ധിയെ ഇറക്കിയുള്ള അട്ടിമറിയാണ്. എന്നാല്‍ നേമത്ത് അതിനുള്ള സാധ്യത വളരെ കുറവാണ്. രാഹുല്‍ നിയമസഭാ തിരഞ്ഞെടുപ്പിലോ പ്രാദേശിക തിരഞ്ഞെടുപ്പിലോ ഒരു ഫാക്ടറല്ലെന്ന് തദ്ദേശത്തില്‍ അടക്കം വ്യക്തമാണ്. കേരളത്തിന് പുറത്ത് മോദി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഫാക്ടറല്ല എന്നത് പോലെയാണ് രാഹുല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍.

വോട്ട് മറിയില്ല
കോണ്‍ഗ്രസിന് പരമാവധി 30000 വോട്ടുകള്‍ വരെ നേടാനാവും. ബാക്കിയൊക്കെ വ്യ്ക്തിപരമായ വോട്ടുകളാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം സിപിഎമ്മിന് സ്ഥിരമായി 40000 വോട്ടുകള്‍ മണ്ഡലത്തിലുണ്ട്. ബിജെപിക്കും അത്ര തന്നെയുണ്ട്. ബാക്കി അങ്ങോട്ടും ഇങ്ങോട്ടും മറിയുന്ന വോട്ടുകളാണ്. കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും വോട്ട് മറിയുമെന്ന പ്രതീക്ഷയിലാണ്. അത് ഇത്തവണ ഒരു കാരണവശാലും ഉണ്ടാവില്ല. മണ്ഡലം നിലനിര്‍ത്തേണ്ടത് ബിജെപിക്ക് ദേശീയ തലത്തില്‍ തന്നെ അത്യാവശ്യമാണ്. സിപിഎമ്മിന് അതുപോലെ തുടര്‍ ഭരണം വളരെ ആവശ്യവും. ഒറ്റ വോട്ടും മറിയില്ല. മുരളീധരന്റെ വ്യക്തിഗത മികവില്‍ പിടിക്കുന്ന വോട്ടിന് പരിധിയുണ്ട്.

തരൂര്‍ ഫാക്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടി നേമത്ത് മുന്നിലെത്താന്‍ ശശി തരൂരിന് സാധിച്ചിട്ടില്ല. ബിജെപി തന്നെയായിരുന്നു മുന്നില്‍. തദ്ദേശത്തിലും അങ്ങനെ തന്നെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 46472 വോട്ടുകള്‍ നേമത്ത് പിടിച്ചിരുന്നു തരൂര്‍. അവിടന്നങ്ങോട്ടുള്ള വോട്ടുകളാണ് കോണ്‍ഗ്രസ് ജയിക്കാനായി ലക്ഷ്യമിടുന്നത്. എന്നാല്‍ രാഹുല്‍ ഫാക്ടറും അതുപോലെ ശശി തരൂര്‍ എന്ന ബ്രാന്‍ഡിനും കൂടിയാണ് ആ വോട്ട് ലഭിച്ചത്. തരൂര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ജനപ്രീതിയില്‍. ഇത് സര്‍വേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മുരളീധരന്‍ അത്തരമൊരു എക്‌സ്ട്രാ വ്യക്തിപ്രഭാവമില്ല.

ന്യൂനപക്ഷം മറിയണം
ന്യൂനപക്ഷം 40 ശതമാനത്തോളം മണ്ഡലത്തിലുണ്ട്. ഇത് ഒരിക്കലും പൂര്‍ണമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പറയാനാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി ദിവാകരന്‍ മ്ത്സരിക്കുന്നതിനേക്കാള്‍ കരുത്തുണ്ട് ശിവന്‍കുട്ടിക്ക്. സൈലന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മുമായുള്ള രഹസ്യ കൂട്ടുകെട്ടുണ്ടെന്ന് പറഞ്ഞ് തമ്മിലടിച്ചപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി ഉറപ്പിക്കാന്‍ ശിവന്‍കുട്ടി സാധിച്ചിട്ടുണ്ട്. 8671 വോട്ടുകള്‍ എന്നത് ശിവന്‍കുട്ടിക്കും സിപിഎമ്മിനും മറിക്കാന്‍ സാധിക്കുന്ന ഭൂരിപക്ഷമാണ്. തദ്ദേശത്തില്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സിപിഎമ്മിനുള്ള പ്രതീക്ഷയാണ്.

മുരളീധരന്‍ സേഫല്ല
നേമത്ത് മുരളീധരന്‍ അത്ര സേഫല്ല എന്ന പറയുന്നതാണ് ശരി. അമിതമായി രാഹുല്‍ ഫാക്ടറിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചത്. കൃത്യമായ രാഷ്ട്രീയ വോട്ടുള്ള നേമത്ത് വ്യക്തിഗത മികവ് കൊണ്ട് മാത്രം രക്ഷപ്പെടാനാവില്ല. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാറി നിന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കുമ്മനം രാജശേഖരനെതിരെ ഉയര്‍ന്ന വര്‍ഗീയവാദിയെന്ന നിശബ്ദ പ്രചാരണമാണ് ഇനി മുരളീധരന്റെ മുന്നില്‍ ശക്തമായ വഴി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് 2 വര്‍ഷം മുമ്പ് ഇവിടെ പ്രചാരണം ശക്തമാക്കിയിരുന്നെങ്കില്‍ മുരളീധരന്‍ പതിനായിരം വോട്ടിനെങ്കിലും ഇവിടെ ജയം ഉറപ്പിക്കുന്ന സാഹചര്യം വരുമായിരുന്നു. ഇപ്പോള്‍ ടൈറ്റ് പോരാട്ടമാണ് നടക്കുന്നത്. മുരളീധരന്‍ മൂന്നാമതെത്തിയാലും അദ്ഭുതപ്പെടേണ്ട.