തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തും, തിരുവനന്തപുരത്ത് ഓക്സിജന്‍ വാര്‍ റൂം തുറന്നതായി ജില്ലാ കളക്ടർ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂം തുറന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂര്‍ സംവിധാനമായാണ് ഓക്സിജന്‍ വാര്‍ റൂം തുറന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയമാണു ജില്ലാതല ഓക്‌സിജന്‍ സംഭരണ കേന്ദ്രം. ജില്ലയ്ക്കു വരും ദിവസങ്ങളില്‍ ആവശ്യമായ മുഴുവന്‍ ഓക്‌സിജനും ഇവിടെ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. എച്ച്.എല്‍.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സംഭരിച്ചിട്ടുള്ളതും ഫയര്‍ഫോഴ്‌സ് അടക്കമുള്ളവയുടെ പക്കല്‍ ഉള്ളതുമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ചു വിമന്‍സ് കോളേജിലെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ ഇവയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യമുള്ളിടത്തേക്കു വിതരണം ചെയ്യുമെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു. സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

covid

കളക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂമിലെ നിരീക്ഷണ സംഘം ജില്ലയിലെ ആശുപത്രകളിലെ ഓക്‌സിജന്‍ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്. ആശുപത്രികളിലെ ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു കിടക്കകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, നിലവില്‍ സ്റ്റോക്കുള്ള ഓക്‌സിജന്റെ അളവ്, അടുത്ത രണ്ടാഴ്ചത്തേക്കു ജില്ലയില്‍ ആവശ്യമുണ്ടായേക്കാവുന്ന ഓക്‌സിജന്റെ അളവ് എന്നീ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇവിടെ ശേഖരിക്കും. ഓക്‌സിജന്‍ ആവശ്യമുണ്ടായാല്‍ 7592939426, 7592949448 എന്ന ഓക്‌സിജന്‍ വാര്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം.

ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, സബ് കളക്ടര്‍മാരായ എം.എസ് മാധവിക്കുട്ടി, ചേതന്‍കുമാര്‍ മീണ, എ.ഡി.എം ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ് ഷിനു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് വാര്‍ റൂമിനു നേതൃത്വം നല്‍കുന്നത്. ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.റ്റി.സികള്‍ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
Oxygen war room begins at Thiruvananthapuram district, Says Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X