കിളിമാനൂർ മണലയത്തുപച്ചയിൽ ആശുപത്രിയിലേക്ക് വന്ന കാറിൽ ബസിടിച്ച് രോഗി മരിച്ചു
കിളിമാനൂർ : ആശുപത്രിയിലേക്ക് രോഗിയുമായി വന്ന കാറിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഹൃദ്രോഗിക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരനായിരുന്ന അഞ്ചൽ ആലംചേരി തൊണ്ടുകട പിള്ള വീട്ടിൽ മുരളീധരൻ പിള്ളയാണ് (48) മരിച്ചത്. മുരളീധരൻ പിള്ളയുടെ ഭാര്യ ഷൈലജ (38), മക്കളായ അരുൺ (24), അഖിൽ (21), കാർ ഡ്രൈവർ അഞ്ചൽ വസന്തവിലാസത്തിൽ ഓമനക്കുട്ടൻ (50) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായ മുരളീധരൻ പിള്ളയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചിന് സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം മണലയത്ത് പച്ചയിലായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ എറണാകുളത്തേക്ക് പോകുകയായിരുന്ന പാഴ്സൽ വാനിനെ കൊടും വളവിൽ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന സ്വിഫ്റ്റ് കാറിലിടിച്ചത്. അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബസിടിച്ച് നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ വാനിൽ നിന്ന് എറണാകുളം സ്വദേശിയായ ഡ്രൈവർ അനീഷ് (28) പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കാറിൽ കുരുങ്ങിയ മുരളീധരൻപിള്ള ഉൾപ്പെടെയുള്ളവരെ കിളിമാനൂർ സി.ഐ പി. അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ മുരളീധരൻ പിള്ള ഇതിനിടെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.












Click it and Unblock the Notifications