80 കിലോ കഞ്ചാവ്: കൂടുതൽ പേർക്കായി തെരച്ചിൽ, ചില്ലറ വിൽപ്പനക്കാരും കടത്തുകാരുമായ കൂടുതൽ പേർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ 80 കിലോ കഞ്ചാവുമായി രണ്ടംഗ തമിഴ്നാട് സംഘം പൊലീസ് പിടിയിലായ സംഭവത്തിൽ സംഘവുമായി ബന്ധമുള്ള കഞ്ചാവ് ചില്ലറ വിൽപ്പനക്കാരും കടത്തുകാരുമായ കൂടുതൽ പേർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നിർദേശപ്രകാരം കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നേമം സി.ഐയും സംഘവുമാണ് അന്വേഷണം തുടങ്ങിയത്.
തമിഴ്നാട്ടിലും കേരളത്തിലും ഇവരുമായി കഞ്ചാവ് ഇടപാട് നടത്തുന്ന സംഘങ്ങൾക്കെതിരെയാണ് അന്വേഷണം. മധുര ഉസലാംപെട്ടി കനംപിള്ള തെരുവിൽ വൈരമുത്തു (27), മധുര കൃഷ്ണനഗർ തണ്ടുകാൻ കുളം സ്വദേശി മലൈ ചാമി (42) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ നേമം പള്ളിച്ചൽ ഭാഗത്തുവച്ച് ഇന്നലെ പൊലീസ് പിടിയിലായത്. ഇരുപതു ലക്ഷത്തോളം രൂപ വിലവരുന്ന നാല്പത് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെയും കേരളത്തിലെയും കഞ്ചാവ് റാക്കറ്റിനെപ്പറ്റി പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ . ആന്ധ്രയിൽ നിന്ന് തമിഴ്നാട് വഴിയാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തിരുവനന്തപുരത്തു നിന്ന് ഈ വർഷം പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. സിറ്റി പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി പിടികൂടിയ മയക്കുമരുന്ന് വില്പനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊത്ത വില്പനക്കാരെ നിരീക്ഷിച്ചും നീക്കങ്ങൾ പിന്തുടർന്നുമാണ് കഞ്ചാവ് വേട്ട നടത്തിയത്.
തലസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്ക് നൽകാനാണ് കാർ മാർഗം കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണത്തിനായി വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications