അയയാതെ ഐഎന്‍ടിയുസി: കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ചന്ദ്രശേഖരന്‍
തിരുവനന്തപുരം: ഐഎന്‍ടിയുസി-വി.ഡി സതീശന്‍ തര്‍ക്കത്തില്‍ പരിഹാരമായില്ല. വിഷയത്തില്‍ ഇടപെട്ട് കെപിസിസി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്ന വാദത്തില്‍ തന്നെ ചന്ദ്രശേഖരന്‍ ഉറച്ചുനിന്നു. സമരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊത്തത്തില്‍ ആക്ഷേപിക്കരുതെന്നും ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വി.ഡി സതീശന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്നുണ്ടായ പ്രസ്ഥാനമാണ് ഐഎന്‍ടിയുസി. പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് സംഘടനയുള്ളത് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ലെന്ന നിലപാടാണ് ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുന്നത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി.ഡി സതീശന്റെ പരാമര്‍ശമാണ് ഐഎന്‍ടിയുസിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ പരസ്യമായി തൊഴിലാളികളും ഐഎന്‍ടിയുസി നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഐഎന്‍ടിയുസി ഇനി നേതൃത്വത്തെ സമീപിക്കിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിനെക്കുറിച്ച് സംസാരിക്കവെയാണ് സതീശന്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഐഎന്‍ടിയുസിക്ക് പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഉള്ളതെന്നും കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. താന്‍ ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി വി ഡി സതീശന്‍ രംഗത്തെത്തി. താന്‍ കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. അല്ലാതെ ഞാന്‍ ഒറ്റയ്ക്കെടുത്ത അഭിപ്രായമല്ല ഇതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം വി.ഡി സതീശന്റെ പ്രസ്താവനക്ക് എതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചങ്ങനാശ്ശേരി ടൗണില്‍ തൊഴിലാളികള്‍ വി.ഡി സതീശനെതിരെ പ്രതിഷേധിച്ചു. ഐഎന്‍ടിയുസി പോഷക സംഘടന അല്ലെന്ന പ്രസ്താവന വി.ഡി സതീശന്‍ പിന്‍വലിക്കണമെന്ന് വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. ഈ സമയം വരെ ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ് നിന്നിട്ടുള്ളതെന്നും സതീശന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വി.ഡി സതീശന് അതൃപ്തിയുമുണ്ട്.












Click it and Unblock the Notifications