കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഈ കോണ്‍ഗ്രസ് നേതാവോ...? വൈകാരികമായി പ്രതികരിച്ച് ശരത് ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇത്തവണ ബിജെപിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നാണ് പ്രചരണം. അതൊരു കോണ്‍ഗ്രസ് നേതാവ് ആയിരിക്കും എന്നും പ്രചാരണമുണ്ട്. ആരായിരിക്കും ആ കോണ്‍ഗ്രസ് നേതാവ് എന്ന അന്വേഷണത്തിലാണ് കേരള രാഷ്ട്രീയം.
അതിനിടെ, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശരത് ചന്ദ്ര പ്രസാദ് ആയിരിക്കും ആ നേതാവ് എന്ന രീതിയില്‍ ചില വാര്‍ത്തകളും പുറത്ത് വന്നു. ഇതിനോട് അതി വൈകാരികമായിട്ടാണ് ശരത് ചന്ദ്ര പ്രസാദ് പ്രതികരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ...

കഴക്കൂട്ടത്തെ സസ്‌പെന്‍സ്
കഴക്കൂട്ടം മണ്ഡലം ബിജെപി ഇപ്പോഴും സസ്‌പെന്‍സ് ആക്കി വച്ചിരിക്കുകയാണ്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി എന്ന് പറയുമ്പോഴും അത്, ആരായിരിക്കുമെന്ന് ഒരു എത്തും പിടിയുമില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാളായിരിക്കുമെന്നാണ് അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഊഹാപോഹം.

അത് താന്‍ അല്ല
എന്തായാലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് കഴക്കൂട്ടത്ത് മത്സരിക്കുന്ന നേതാവ് താന്‍ ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ശരത് ചന്ദ്ര പ്രസാദ്. മുന്‍ എംഎല്‍എ ആയ ശരത് ചന്ദ്ര പ്രസാദിന് ഇത്തവണയും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടില്ല. നേതൃത്വത്തിന്റെ അവഗണനയില്‍ അദ്ദേഹം അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്.

തന്റെ ചോര കോണ്‍ഗ്രസിന് വേണ്ടി
ആരൊക്കെ പോലായലും താന്‍ അവസാനം വരെ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്നാണ് ശരത് ചന്ദ്ര പ്രസാദ് പറയുന്നത്. തന്റെ ചോര കോണ്‍ഗ്രസിനുള്ളതാണെന്നും ശരത് ചന്ദ്ര പ്രസാദ് വൈകാരികമായി പ്രതികരിച്ചു. താന്‍ ബിജെപിയിലേക്ക് പോകും എന്ന് പറയുന്നവരോട് ദൈവം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാരിക്കുന്തം കയറ്റിയപ്പോഴും
ശരീരത്തില്‍ വാരിക്കുന്തം കയറ്റിയിറക്കിയപ്പോഴും താന്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് മുദ്രാവാക്യം വിളിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ്, കെഎസ് യു സിന്ദാബാദ് എന്നായിരുന്നു അന്ന് ഉറക്കെ വിളിച്ചത്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ അല്ല തന്നെ മാര്‍ക്‌സിസ്റ്റുകാര്‍ കൊല്ലാന്‍ നോക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

28 വര്‍ഷം
1978 മുതല്‍ തന്റെ ചോരയും നീരും ഈ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ 28 വര്‍ഷമായി താന്‍ കെപിസിസി ഭാരവാഹിയാണ്. ഇപ്പോള്‍ നടക്കുന്നത് നാണം കെട്ട പ്രചാരണമാണ്. മഹാത്മഗാന്ധി തന്റെ വികാരവും ഇന്ദിരാഗാന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവും ആണെന്ന് ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.

പിന്നില്‍ ആരെന്ന് അറിയാം
തന്റെ തന്നെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ പ്രചാരണത്തിന് പിന്നില്‍ എന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. അയാള്‍ പടച്ചുവിട്ട സാധനമാണ് ഈ ആരോപണം. ഇത് തന്നെ അപമാനിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.

കൊഴിഞ്ഞുപോകുന്ന കോണ്‍ഗ്രസ്
ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. പന്തളം പ്രതാപനം, വിജയന്‍ തോമസും. രണ്ട് പേരും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ്. പന്തളം പ്രതാപനം ബിജെപി അടൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആരായിരിക്കും അടുത്ത കോണ്‍ഗ്രസ് നേതാവ് എന്ന ചര്‍ച്ച സജീവമാണ്.












Click it and Unblock the Notifications