12 ഭാഷകൾ വഴങ്ങും ഈ ഓട്ടോഡ്രൈവർക്ക്; ഷാനവാസ് അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെ!
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ഒരു ഓട്ടോ ഡ്രൈവറുണ്ട്. പേര് ഷാനവാസ് ബഷീർ. മണക്കാട് പരുത്തിക്കുഴി സ്വദേശി. എന്താണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത എന്നായിരിക്കും ഒരു പക്ഷേ പ്രേക്ഷകർ ആലോചിക്കുന്നത്. എന്നാൽ, ഇദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരുപക്ഷേ അമ്പരിപ്പിക്കുന്ന പ്രത്യേകത തന്നെയാണ്. ഷാനവാസ് എന്ന ഓട്ടോ ഡ്രൈവർക്ക് 12 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനാകും. കക്ഷി പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല. എങ്കിലും, ബഹുഭാഷകൾ സംസാരിക്കുന്നതിൽ അഗ്രഗണ്യനാണ് കെ.എല്‍.O1.ബി.ടി 1449 എന്ന ഓട്ടോറിക്ഷയിൽ ചീറിപ്പായുന്ന ഈ മനുഷ്യൻ. ഷാനവാസിൻ്റെ വിശേഷങ്ങളിലേക്ക്....

ടെലിവിഷൻ ഷോകൾ കണ്ട് ഒരു വ്യക്തിക്ക് കൂടുതൽ ഭാഷകൾ പഠിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മണക്കാട്ടെ പരുത്തിക്കുഴിയിലെ ഷാനവാസ് ബഷീർ. കെ.എല്‍.01.ബി.ടി 1449 എന്ന ഓട്ടോയുമായി തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ രാജകീയ വിഥികളിൽ ചീറിപ്പായുന്ന ഈ ഓട്ടോ ഡ്രൈവർ തലസ്ഥാനത്തിൻ്റെ തന്നെ വ്യത്യസ്ത കാഴ്ചയായി മാറുകയാണ്. രാവിലെ 7 മുതൽ രാത്രി 7 വരെ ഷാനവാസ് തൻ്റെ കർമ്മപഥത്തിൽ സജീവമാണ്.

തൻ്റെ ഓട്ടോയിൽ സവാരിക്കായി കയറുന്ന ഏതൊരു യാത്രക്കാരനും അത്ഭുതമാണ് വാഹനത്തിനകത്തും പുറത്തും എഴുതിയിരിക്കുന്ന ഈ വാചകങ്ങൾ. 12 ഭാഷകൾ സംസാരിക്കാൻ അറിയാം എന്നാണ് ഓട്ടോയിൽ എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഉറദുദു, മറാത്തി, ഗുജറാത്തി, അറബി, കൊങ്കിണി, ഫിലിപ്പൈന്‍സ്, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളാണ് ഷാനവാസ് സംസാരിക്കുന്നത്. ഇതിനാൽ തന്നെ തലസ്ഥാനത്തെത്തുന്ന വിദേശികളും ഷാനവാസിൻ്റെ ഓട്ടോയ്ക്ക് കൈകാണിച്ചാൽ ഹാപ്പിയാണ്. തലസ്ഥാനത്തിൻ്റെ പ്രത്യേകതകൾ പറഞ്ഞ്, വിശേഷങ്ങൾ പങ്കുവച്ച്, വിസ്മയകരമായ യാത്രയും ലഭിക്കും.
അനാർക്കമലി മരയ്ക്കാർ കിടുവാണ്, പൊളിയാണ്, അസാധ്യമാണ്!! പുതിയ ലുക്കും വൻ ഹിറ്റ്

സവാരിയില്ലാത്ത വേളകളിൽ ഓട്ടോ ഡ്രൈവർമാർക്കൊപ്പം സ്റ്റാൻഡിലുണ്ടെങ്കിൽ മറ്റു ഭാഷകൾ സംസാരിക്കുന്ന ഏതൊരു വ്യക്തി അവിടെ എത്തിയാലും അദ്ദേഹത്തിന് വേണ്ട സംശയങ്ങൾ അതാതു ഭാഷയിൽ തന്നെ ദൂരീകരിച്ച് നൽകുകയും ചെയ്യും ഈ ഓട്ടോ ഡ്രൈവർ. ഷാനവാസ് മറ്റ് ഓട്ടോ ഡ്രൈവർമാർക്ക് പോലും അത്ഭുതമാണ്. മറ്റൊരു അമ്പരപ്പെടുത്തുന്ന കാര്യം, ഇദ്ദേഹം പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല എന്നുള്ളതാണ്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഷാനവാസിന് 12 ഭാഷകൾ പുഷ്പം പോലെ സംസാരിക്കാനാകും എന്നുള്ളതാണ് ഇതിലെ വ്യത്യസ്ത.

58 കാരനായ ഷാനവാസ് ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഷാനവാസിൻ്റെ പിതാവ് മുഹമ്മദ് ബഷീറിന് മുംബൈയിൽ ടയർ ബിസ്സിനസ്സായിരുന്നു. പതിനാറാം വയസ്സിലാണ് ഷാനവാസ് പ്രവാസലോകത്തേക്ക് യാത്ര തിരിക്കുന്നത്. നീണ്ട 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാല് വര്‍ഷം മുമ്പാണ് ഷാനവാസ് നാട്ടിലെത്തിയത്. പിന്നീട് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായി. സമയം കിട്ടുമ്പോഴെല്ലാം ഓട്ടോയുമായി സവാരിക്കുമിറങ്ങി.

കൊവിഡ് പ്രതിസന്ധി വന്നതോടെ ടൂറിസ്റ്റ് ടാക്സിക്ക് ലഭിച്ചിരുന്ന ഓട്ടങ്ങളെല്ലാം പൂർണ്ണമായി നിലച്ചു. വലിയ പ്രതിസന്ധിയാണ് ടൂറിസ്റ്റ് മേഖലയിൽ കൊവിഡ് തീർത്തത്.ഷാനവാസും ഇതിൻ്റെ ഇരയായിരുന്നു. എന്നാൽ, വാഹനത്തോടും ഡ്രൈവിങ്ങിനോടുമുള്ള സ്നേഹവും ഇഷ്ടവും ഇദ്ദേഹം ഉപേക്ഷിച്ചില്ല. പിന്നീട് മുഴുവൻ സമയ ഓട്ടോ ഡ്രൈവറായി തലസ്ഥാനത്തെ നിരത്തുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

12 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് സഹഓട്ടോ ഡ്രൈവർമാരും പറയുന്നു. യാത്രക്കാർക്കുപരി സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവനാണ് ഇദ്ദേഹം. തന്റെ വാഹനത്തില്‍ കയറുന്നവര്‍ പിന്നീടൊരിക്കലും തന്നെ മറക്കില്ലെന്ന് ഷാനവാസ് പറയുന്നു. ഏത് ദേശത്തു നിന്നു വന്ന യാത്രക്കാരനും തങ്ങളുടേതായ ഭാഷയിൽ അവരോട് തിരിച്ചു സംസാരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും വാത്സല്യവുമാണ് തൻ്റെ ഓട്ടോ ജീവിതത്തിൽ ലഭിക്കുന്ന സമ്പാദ്യമെന്നാണ് ഷാനവാസ് കരുതുന്നത്. തങ്ങളുടെ അടുത്തേക്ക് വരുന്ന ഏതൊരു വ്യക്തിയെയും സന്തോഷത്തോടെയും സ്നേഹത്തോടെയും സുരക്ഷിതമായും ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുകയെന്ന കടമയും ഭാരിച്ച ഉത്തരവാദിത്വവും ഡ്രൈവർമാർക്ക് ഉണ്ടെന്ന് പറയുന്നുണ്ട് തലസ്ഥാന നഗരിയുടെ പ്രിയപ്പെട്ട ഷാനവാസ് ബഷീർ.












Click it and Unblock the Notifications