ഷാരോണിന്റെ മരണത്തിന് പിന്നില്‍ ആര്, ദുരൂഹതകള്‍ ഒഴിയുന്നില്ല; പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ ദുരൂഹത ഒഴിയുന്നില്ല. സംഭവത്തില്‍ ആരോപണം നേരിടുന്ന പെണ്‍സുഹൃത്തിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. പെണ്‍കുട്ടിക്കെതിരെ മരണപ്പെട്ട ഷാരോണ്‍ രാജിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിഷാംശം കലര്‍ന്ന കഷായം കുടിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. കേസന്വേഷണം നടക്കുന്നതിനിടെ പുറത്തുവരുന്ന ദൃശ്യങ്ങളും ചാറ്റുകളും രക്ത പരിശോധന ഫലങ്ങളും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഷാരോണ്‍ കഷായം കുടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഷാരോണ്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 14ന് ആണ് ഷാരോണ്‍ കഷായവും ജ്യൂസും കുടിക്കുന്നത്. എന്ന് രാത്രി തന്നെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആന്തരീകവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. ഇക്കഴിഞ്ഞ 25ന് ആണ് ഷാരോണ്‍ മരണപ്പെട്ടത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

പെണ്‍കുട്ടിയും ഷാരോണും വര്‍ഷങ്ങളേറെയായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഷാരോണിന്റെ കുടുംബം ഉയര്‍ത്തുന്ന ആരോപണം കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, പെണ്‍കുട്ടിയും ഷാരോണും ജ്യൂസ് ചലഞ്ച് നടത്തിയതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജ്യൂസ് ചലഞ്ച് നടത്തിയത്. ഇതിന്റെ വീഡിയോയും ഷാരോണിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാരോണും പെണ്‍കുട്ടിയും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജ്യൂസ് ചാലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നത്. രണ്ട് കുപ്പികളാണ് പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ഷാരോണ്‍ എന്താണ് ചാലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീട് പറയാമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ഈ സംഭവങ്ങള്‍ എല്ലാം പുറത്തുവന്നതോടെ ദൂരൂഹത വീണ്ടും ഉയരുകയാണ്. സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു.

കൂടാതെ ഷാരോണിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. 14ാം തീയതി അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. എന്നാല്‍ 17ാം തീയതി വീണ്ടും അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും എല്ലാം പ്രവര്‍ത്തനം നിലച്ചതായാണ് കാണുന്നത്.












Click it and Unblock the Notifications