തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഗേറ്റ് താഴിട്ട് പൂട്ടി കടന്നുകളഞ്ഞു...
തിരുവനന്തപുരം: പരിക്കുകളുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ട് പൂട്ടി കന്നുകളഞ്ഞു. മർദനത്തിലേറ്റ പരിക്കുകളുമായിട്ടാണ് അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40കാരൻ വെള്ളറട പോലീസ് സ്റ്റേഷനിൽ എത്തിയത്. അമ്പൂരി ജംഗ്ഷനിൽ വെച്ച് ഒരാൾ തന്നെ മർദ്ദിച്ചെന്നും ഉടൻ കേസെടുക്കണം എന്നും പറഞ്ഞാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം. തലയിൽ നിന്ന് ചോര വാർന്ന നിലയിലായിരുന്നു. മുറിവുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയിൽ ചികിത്സ തേടാനാണ് പോലീസ് നിർദ്ദേശിച്ചത്. എന്നാൽ മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ ഉടൻ കേസ് എടുക്കണമെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയും ആശുപത്രിയിലേക്ക് പോലീസ് കൂടെ വരണമെന്നും പറഞ്ഞു.

പരസ്പര വിരുദ്ധമായിട്ടാണ് യുവാവ് സംസാരിച്ചത്. കേസ് എടുക്കാൻ കഴിയില്ലെങ്കിൽ സ്റ്റേഷൻ പൂട്ടി പോകാൻ ആണ് ഇയാൾ പോലീസുകാരോട് ദേഷ്യപ്പെട്ട് പറഞ്ഞത്. ബഹളം വെച്ച് റോഡിലേക്ക് പോയ ഇയാൾ സ്റ്റേഷന്റെ ഗേറ്റ് വലിച്ചടച്ച ശേഷം ബൈക്കിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
പിന്നീട് ഇയാൾ വൈകീട്ട് വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് എത്തി പുതിയ താഴ് ഉപയോഗിച്ച് സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയ ശേഷം ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.
അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നതിനാൽ സ്റ്റേഷനിൽ എത്തിയവർക്ക് അകത്തേക്ക് കടക്കാൻ സാധിച്ചിരുന്നില്ല, ഗേറ്റ് പൂട്ടിയ കാര്യം പോലീസ് അറിഞ്ഞിരുന്നില്ല. നാട്ടുകാരാണ് ഗേറ്റ് താഴിട്ട് പൂട്ടിയ കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ തന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർത്തു.
രാവിലെ 11 മണിയോടെ അമ്പൂരിയിലെ ഒരു കടയക്ക് മുന്നിൽ വെച്ച് നോബി അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരിക്കേറ്റത് എന്നാണ് പോലീസ് പറഞ്ഞത്. ഇയാൾക്ക് മനാസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലീസ് പറയുന്നു. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.












Click it and Unblock the Notifications