ശംഖുംമുഖം ദേവീക്ഷേത്രത്തിൽ നെറ്റിപ്പട്ടവും തിടമ്പും കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: ശംഖുംമുഖം ദേവീക്ഷേത്രത്തിൽ ഭക്തരുടെ വകയായി നവരാത്രി ട്രസ്റ്റ് സമർപ്പിച്ച നെറ്റിപ്പട്ടവും ദേവിയുടെ എഴുന്നള്ളത്ത് തിടമ്പും കാണാനില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം ബോർഡിനോട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു.
നാലമ്പലത്തിനകത്ത് നിലവിളക്കിന് മുന്നിൽ പ്രത്യേക പേടകം തയ്യാറാക്കി പ്രദർശിപ്പിച്ചിരുന്ന പഞ്ചലോഹ നെറ്റിപ്പട്ടവും തിടമ്പും കാണാതായെന്നാണ് നവരാത്രി ട്രസ്റ്റിന്റെ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനോട് നിർദ്ദേശിച്ചതായി ബോർഡ് അംഗം കെ.പി. ശങ്കരദാസും അറിയിച്ചു.

മാർച്ച് 13ന് ആഘോഷപൂർവമാണ് നെറ്റിപ്പട്ടവും തിടമ്പും ദേവിയ്‌ക്ക് സമർപ്പിച്ചത്. ട്രസ്റ്റിന്റെ പേര് പേടകത്തിൽ രേഖപ്പെടുത്തിയതിൽ ശ്രീകാര്യക്കാരൻ നീരസം കാട്ടിയിരുന്നതായും ഭാരവാഹികൾ പറയുന്നു. നെറ്റിപ്പട്ടം സൂക്ഷിക്കുന്ന പേടകത്തിൽ സമർപ്പിതാവിന്റെ പേര് രേഖപ്പെടുത്താൻ മുൻകൂർ തയ്യാറാക്കിയ കരാറിൽ അനുമതിയുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഒരാഴ്ചയായി പേടകവും തിടമ്പും അവിടെ കാണാനില്ലെന്ന് കാണിച്ച് ഭാരവാഹികളും ഭക്തരും ചേർന്ന് ആദ്യം ദേവസ്വം പ്രസിഡന്റിനും പിന്നീട് ദേവസ്വം മന്ത്രിക്കും പരാതി നൽകി. ആർ. മോഹനകുമാരി, കെ. തുളസീധരൻ, കെ. ഗിരി, കെ. ഷിബുകുമാർ എന്നിവരടങ്ങിയ സമിതിയാണ് പരാതി നൽകിയത്.












Click it and Unblock the Notifications