രാജേഷ് പിന്തുടരുന്ന വിവരം സിന്ധു സഹോദരിയെ അറിയിച്ചു, വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ പ്രതി
തിരുവനന്തപുരം: സിന്ധുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിന്ധുവിനെ പാലോട് നിന്നും രാജേഷ് കൈകാണിച്ചിരുന്നെന്നും നന്ദിയോട് വരെ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നുവെന്നും സിന്ധു സഹോദരിയെ വിളിച്ച് അറിയിച്ചതായി വിവരം. വെട്ടേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് സിന്ധുി സഹോദരിയെ വിളിച്ച് ഇക്കാര്യം പറഞ്ഞത്.
സിന്ധുവും രാജേഷും അയല്‍ക്കാരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപം പൊന്‍കുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബ വീട്. എന്നാല്‍ പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്ക് താമസം മാറുകയായിരുന്നു.

വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് വീട് വിട്ടുപോയിരുന്നു. ഇതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. വീട്ടുജോലിയും കെയര്‍ടേക്കറായി ജോലി ചെയ്തുമാണ് സിന്ധു ജീവിതം മുന്നോട്ടു നയിച്ചത്. ഇതിനിടെ 12 വര്‍ഷം മുമ്പാണ് സിന്ധുവിന്റെ ജീവിതത്തിലേക്ക് രാജേഷ് കടന്നെത്തുന്നത്.

പത്ത് വര്‍ഷത്തില്‍ കൂടുതലായി തിരുവനന്തപുരത്തെ ഒരു ഡോക്ടറുടെ വീട്ടില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് സിന്ധു. മകളുടെ വിവാഹത്തിനൊക്കെ ഈ കുടുംബമാണ് സഹായിച്ചത്. രാജേഷിന് കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും സിന്ധുവിന്റെ സമ്പാദ്യത്തില്‍ നിന്ന് എടുത്ത പണമാണ് എടുത്തത്. കൂടാതെ സിന്ധുവിന്റെ സമ്പാദ്യത്തില്‍ നിന്നും കടം വാങ്ങിയും ഒരുപാട് പണം രാജേഷിന് നല്‍കിയിരുന്നു.

എല്ലാ പണവും ധൂര്‍ത്തടിച്ചും അറിവില്ലാത്ത കച്ചവടം ചെയ്തും രജേഷ് നഷ്ടപ്പെടുത്തി. രാജേഷുണ്ടാക്കിയ മിക്ക കടങ്ങളും സിന്ധുവാണ് ജോലി ചെയ്ത് തീര്‍ത്തിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ വീട്ടിലെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ വഴക്കും പ്രശ്‌നങ്ങളും ആരംഭിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ സിന്ധു ബന്ധുക്കളെയോ മകളെയോ അറിയിച്ചിരുന്നില്ല.

തുടര്‍ന്നാണ് മകളും സഹോദരിയും കൂടെ വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. മാസങ്ങളോളം ജോലിയില്ലാതെ കഷ്ടപ്പെട്ടതിന് ശേഷം പുതിയൊരു ജോലി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സിന്ധു കഴിഞ്ഞ ദിവസം. എന്നാല്‍ സ്ഥാപനത്തിന് അടുത്തെത്തിയ സിന്ധുവിനോട് രാജേഷ് കൊലക്കത്തിയുടെ രൂപത്തില്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു.

പത്ത് വര്‍ഷത്തോളം ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടിലെ രോഗി മരിച്ചതോടെയാണ് സിന്ധുവിന് ജോലി നഷ്ടമായത്. തുടര്‍ന്നാണ് പേരൂര്‍ക്കടയിലെ ഹോം നഴ്‌സ് ഏജന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സിന്ദുവിനെ നെയ്യാറ്റിന്‍കരയിലെ ഒരു രോഗിയെ ശുശ്രൂഷിക്കാനുള്ള ഒരു ജോലിക്കായി വിളിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ സ്ഥാപനത്തില്‍ എത്താമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ സ്ഥാപനത്തിന് അടുത്തെത്തിയ സിന്ധുവിനെ രാജേഷ് കൊലപ്പെടുത്തുകയായിരുന്നു.

രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ബസിലാണെന്നും ഉടന്‍ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നതായി സ്ഥാപന ഉടമ കെ ജി ശശികുമാര്‍ പറഞ്ഞു. തുടര്‍ന്ന് നന്ദിയോടുള്ള ഒരു സ്ത്രീ വെട്ടേറ്റ വാര്‍ത്ത അറിഞ്ഞതോടെ വീണ്ടും വിളിച്ചപ്പോള്‍ പൊലീസാണ് ഫോണ്‍ എടുത്തത്. ഇവരുടെ വിവരങ്ങള്‍ എല്ലാം പൊലീസിന് കൈമാറിയത് സ്ഥാപന അധികൃതരാണ്. ഇവര്‍ തന്നെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.

നെയ്യാറ്റിന്‍കരയിലുള്ള രോഗിയുടെ കുടുംബം കഴിഞ്ഞ ദിവസം തന്നെ സിന്ധുവിനെ ജോലിക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയിരുന്നതായി സ്ഥാപന ഉടമ പറഞ്ഞു. ബുധനാഴ്ച വൈകീട്ടോടെ പാലോട് എത്തി കാറില്‍ കൂട്ടിക്കൊണ്ടു പോകാമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ജോലി പോയി തുടങ്ങാമെന്ന് ,സിന്ധു അറിയിക്കുകയായിരുന്നു.

അതേസമയം, കൊലയ്ക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സിന്ധുവിനെ പ്രതി രാജേഷ് ആദ്യം വാക്കത്തികൊണ്ടാണ് ആക്രമിച്ചതെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ബോബി ജോര്‍ജ് പറഞ്ഞു. ആദ്യത്തെ വെട്ടേറ്റ് സിന്ധു റോഡില്‍ വീണിരുന്നു. പിന്നീട് ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications